സുവര്‍ണചകോരം ദേ സേ നതിങ് സ്‌റ്റെയിസ് ദി സെയിമിന്; ജല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ് എഫ്എസ്എ കെ ആര്‍ മോഹനന്‍ പുരസ്‌കാരം ഫാഹിം ഇര്‍ഷാദിനാണ്. ചിത്രം-ആനിമാനി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനിമാനിക്കാണ്.
തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിങ് സ്‌റ്റെയിസ് ദി സെയിം നേടി. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടനാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്പാനിഷ് ചിത്രമായ അവര്‍ മദേഴ്‌സിന്റെ സംവിധായകനായ സീസര്‍ ഡയസ് നേടി.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ബോറിസ് ലോജ്‌കെയ്ന്‍ സംവിധാനം ചെയ്ത കാമിലും ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനിയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ് എഫ്എസ്എ കെ ആര്‍ മോഹനന്‍ പുരസ്‌കാരം ഫാഹിം ഇര്‍ഷാദിനാണ്. ചിത്രം-ആനിമാനി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനിമാനിക്കാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശത്തിന് മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് അര്‍ഹമായി.