ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി ഐഎംഎ കൊച്ചി; ഒറ്റ ദിവസം, ഒരേ വേദിയില്‍ 35000 കുട്ടികള്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിംഗ്
ഹാര്‍ട്ട് അറ്റാക്ക്, തീ പൊള്ളല്‍, റോഡപകടങ്ങള്‍, വെള്ളത്തില്‍ പോയുള്ള അപകടങ്ങള്‍, എന്നിങ്ങനെ വിവിധങ്ങളായ അത്യാഹിതങ്ങള്‍ സംഭവിക്കുന്ന അവസരങ്ങളില്‍ എങ്ങനെ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കും.
കൊച്ചി : ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനൊരുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) കൊച്ചി ശാഖ. ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിംഗ് ഒറ്റ ദിവസം, ഒരേ വേദിയില്‍ 35000 കുട്ടികള്‍ക്ക് നല്‍കി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐഎംഎ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.എം ഐ ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പക്ഷാഘാതം, ഹാര്‍ട്ട് അറ്റാക്ക്, തീ പൊള്ളല്‍, റോഡപകടങ്ങള്‍, വെള്ളത്തില്‍ പോയുള്ള അപകടങ്ങള്‍, എന്നിങ്ങനെ വിവിധങ്ങളായ അത്യാഹിതങ്ങള്‍ സംഭവിക്കുന്ന അവസരങ്ങളില്‍ എങ്ങനെ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കും. 5000 പേരടങ്ങുന്ന 7 ഗ്രൂപ്പായി തിരിച്ചാണ് ട്രെയിനിംഗ് നല്‍കുക. ഇതിനായി 500 പേരടങ്ങുന്ന ട്രെയിനിംഗ് വിഭാഗവും സജ്ജരായിക്കഴിഞ്ഞു. എറണാകുളത്തും പരിസരങ്ങളിലുമുള്ള 100 സ്‌കൂളുകളിലെ കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
എല്ലാ മാസവും ഐഎംഎ ഹൗസില്‍ സംഘടിപ്പിക്കുന്ന സാസ്‌കാരിക പരിപാടിയിലൂടെയും, ബിപിസിഎല്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്താലും പ്രളയാനന്തരം ഐഎംഎ ഏറ്റെടുത്ത് നടത്തി വരുന്ന എട്ട് മെഗാ മെഡിക്കല്‍ ക്യാംപുകളില്‍ കോതാട്, എടവനക്കാട്, മാനന്തവാടി, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ ക്യാംപുകള്‍ ഇതിനോടകം പൂര്‍ത്തിയായി. ചെങ്ങന്നൂര്‍, കുമരകം, ഇടുക്കി, പുത്തന്‍വേലിക്കര എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ക്യാംപില്‍ പങ്കെടുക്കുന്നവരില്‍ തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ചികില്‍സ സൗജന്യമായി നല്‍കും. പൂര്‍ത്തിയായ ക്യാംപുകളിലെ 1500ല്‍ പരം രോഗികള്‍ക്ക് തുടര്‍ചികില്‍സ നടത്തിവരുന്നുണ്ട്.
എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളെയും കോര്‍ത്തിണക്കി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതായും ഇവര്‍ അറിയിച്ചു. നഗരത്തിലെ ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി സിറ്റി പോലീസ്, കൊച്ചി കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം, മോട്ടോര്‍ വാഹന വകുപ്പ്, മറ്റ് സ്വകാര്യ സ്ഥാപനങ്ങളും മുഖേന നടപ്പിലാക്കിവരുന്ന നോ ഹോണ്‍ ഡേയില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍, കൊതുകുജന്യ രോഗങ്ങളെ ചെറുക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ കൊതുകു രഹിത കൊച്ചി എന്ന ആശയം വിളംബരം ചെയ്യുന്നതിനായി മിനി മാരത്തോണ്‍ എന്നിവ സംഘടിപ്പിക്കുമെന്നും , കഴിഞ്ഞ വര്‍ഷത്തെ നോ ഹോണ്‍ ഡേയില്‍ പ്രഖ്യാപിച്ചിട്ടുള്ള എം.ജി റോഡിലെ നോ ഹോണ്‍ സോണ്‍ ഈ വരുന്ന നോ ഹോണ്‍ ഡേയില്‍ സര്‍ക്കാരില്‍ നിന്നും എക്‌സിക്യൂട്ടീവ് ഓര്‍ഡറാക്കുന്നതിനുള്ള പരിശ്രമങ്ങളും തുടരുമെന്നും ഡോ. ജുനൈദ് പറഞ്ഞു.
ആരോഗ്യ പരിപാലന സൂചികയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിലും ടെലിമെഡിസിന്‍, ഏജ് ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ കൊച്ചിയിലെ ആശുപത്രികളില്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎംഎ നേതൃത്വം നല്‍കും. ദേശീയ ആരോഗ്യമിഷനും, ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് നടപ്പാക്കുന്ന ഹെല്‍ത്തി എറണാകുളം പദ്ധതിക്ക് എല്ലാ പിന്തുണയും ഐഎംഎ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സെക്രട്ടറി ഡോ. ഹനീഷ് മീരാസ പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡോ. ശാലിനി സുധീന്ദ്രന്‍, മുന്‍ പ്രസിഡന്റ് ഡോ. എം നാരായണന്‍, ഐഎംഎ ഹൗസ് കണ്‍വീനര്‍ ഡോ.സച്ചിദാനന്ദ കമ്മത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.