നാടന്‍കലയുടെയും ശാസ്ത്രീയ സംഗീതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ബിനാലെയില്‍ കര്‍ണാടിക്-കട്ടായിക്കൂത്ത്
മഹാഭാരത്തിലെ പാഞ്ചാലീവസ്ത്രാക്ഷേപവും യുദ്ധത്തിന്റെ അവസാന ദിവസവുമായിരുന്നു കര്‍ണാടിക്-കൂത്തിന്റെ പ്രമേയം.കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് പവലിയനിലാണ് കട്ടായികൂത്ത് സംഗീത പരിപാടി അരങ്ങേറിയത്.
കൊച്ചി: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജന്‍മമെടുത്ത് പില്‍ക്കാലത്ത് രണ്ടുവര്‍ഗങ്ങളുടെ സംഗീതപാരമ്പര്യമായി മാറിയ കട്ടായിക്കൂത്തിന്റെയും കര്‍ണാടക സംഗീതത്തിന്റെയും സംഗമം ആസ്വാദകര്‍ക്ക് ഹൃദ്യാനുഭവമായി മാറി. മഹാഭാരത്തിലെ പാഞ്ചാലീ വസ്ത്രാക്ഷേപവും യുദ്ധത്തിന്റെ അവസാന ദിവസവുമായിരുന്നു കര്‍ണാടിക് കൂത്തിന്റെ പ്രമേയം. കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് പവലിയനിലാണ് കട്ടായികൂത്ത് സംഗീത പരിപാടി അരങ്ങേറിയത്. രണ്ട് കലാരൂപങ്ങള്‍ക്കും ഏറെ പഴക്കം അവകാശപ്പെടാനുണ്ടെങ്കിലും കാലത്തിന്റെ കുത്തൊഴുക്കില്‍ സവര്‍ണരുടെയും അവര്‍ണരുടെയും കലയായി ഇരുകലകളും മാറുകയായിരുന്നു. കര്‍ണാടക സംഗീതം ആഢ്യത്വത്തിന്റെ പ്രതീകമായി മാറിയപ്പോള്‍ കട്ടായിക്കൂത്ത് തെരുവിന്റെ സംഗീതമായി മാറി.
ബിനാലെ പവലിയനില്‍ നടന്ന കര്‍ണാടിക് കട്ടായിക്കൂത്ത് പരിപാടി രണ്ട് സംഗീതത്തിനെയും ലയിപ്പിക്കലായിരുന്നില്ലെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ ചൂണ്ടിക്കാട്ടി. രണ്ട് കലാരൂപങ്ങളും സ്വന്തം സ്വത്വത്തില്‍ ഉറച്ചുനിന്ന് പരസ്പരം ആശയവിനിമയം നടത്തുന്ന രീതിയിലാണ് രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി സംഘടിപ്പിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവതരണ കലാസ്ഥാപനമായ ഫസ്റ്റ് എഡിഷന്‍ ആര്‍ട്ട്‌സാണ് കര്‍ണാടിക് കട്ടായിക്കൂത്ത് ഒരുക്കിയത്. കട്ടായിക്കൂത്ത് നശിച്ചുകൊണ്ടിരിക്കുന്ന കലാരുപമല്ലെന്ന് കൃഷ്ണ പറഞ്ഞു. പാണ്ഡവര്‍ ചൂതില്‍ തോറ്റതിനെത്തുടര്‍ന്ന് കൗരവ സഭയില്‍ വസ്ത്രാക്ഷേപത്തിനിരയാവേണ്ടി വന്ന ദ്രൗപദിയും മഹാഭാരത യുദ്ധത്തിന്റെ അവസാന ദിനത്തില്‍ ഭീമനില്‍ നിന്നും രക്ഷപ്പെടാനായി ദുര്യോധനന്‍ നടത്തുന്ന ശ്രമങ്ങളുമാണ് പരിപാടിയില്‍ അവതരിപ്പിച്ചത്. കട്ടായിക്കൂത്തില്‍ പന്ത്രണ്ട് കലാകാരന്‍മാരാണുണ്ടായിരുന്നത്. പാടുകയും സംഭാഷണം പറയുകയുമാണ് ചെയ്യുന്നത്. ഇതോടൊപ്പം ചെണ്ട, കുഴല്‍, ഹാര്‍മോണിയം എന്നിവയുടെ അകമ്പടിയുമുണ്ടാകും.
തമാശയില്‍ പൊതിഞ്ഞതാണ് സംഭാഷണങ്ങള്‍. ഇതോടൊപ്പം നൃത്തവും ചേര്‍ന്നതാണ് കാട്ടായിക്കൂത്ത്. ദ്രൗപദി വസ്ത്രാക്ഷേപത്തിന്റെ അവസാനം മുത്തുസ്വാമി ദീക്ഷിതരുടെ ഭൈരവീ രാഗത്തിലുള്ള ബാലഗോപാല പാലയ എന്ന കീര്‍ത്തനമാണ് ടി എം കൃഷ്ണയും ഭാര്യ സംഗീത ശിവകുമാറും ആലപിച്ചത്. ദ്രൗപദിയുടെ രക്ഷയ്ക്കായി ശ്രീകൃഷ്ണനെത്തുന്നതാണ് പ്രതിപാദ്യം. അക്കരായി സുബ്ബലക്ഷ്മി വയലിനും, കെ അരുണ്‍ പ്രകാശ് മൃദംഗവും, എന്‍ ഗുരുപ്രസാദ് ഘടവും വായിച്ചു. രണ്ട് കലാരൂപങ്ങളും തമ്മിലുള്ള സാദൃശ്യവും പരിപാടിയില്‍ വ്യക്തമായി. കട്ടായിക്കൂത്തിലെ പാട്ടുകളില്‍ ചിലയിടങ്ങളില്‍ മുഖാരി, മോഹനം, ദ്വിജാവന്തി എന്നീ രാഗങ്ങളുടെ ലാഞ്ഛനകള്‍ ഉണ്ടായിരുന്നു. ദുര്യോധനനെ അവതരിപ്പിച്ച നടന്‍ കാണികളുടെ ഇടയിലൂടെ നടന്നതും സദസ്സില്‍ കൗതുകമായി.