ഷോക്കേറ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Update: 2021-11-01 11:48 GMT

കൊല്ലം: വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണ്ടു എന്‍ജഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വൈദ്യുതി ബോര്‍ഡിന്റെ വിതരണ വിഭാഗം ഡയറക്ടര്‍ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. ജീവനക്കാരുടെ അനാസ്ഥ കാരണമാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് ആര്‍വൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് കല്ലട സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കണ്ണൂര്‍ തില്ലങ്കേരി ബെയ്ത്തുല്‍ നൂറില്‍ തണലോട്ട് ടി.കബീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ (21), കാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ പി മണികണ്ഠന്റെ മകന്‍ എം എസ് അര്‍ജുന്‍ (21) എന്നിവരാണ് കഴിഞ്ഞദിവസം വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥി ശ്രീപാദിനു ഷോക്കേറ്റെങ്കിലും ആറ്റിലേക്ക് തെറിച്ചുവീണതിനാല്‍ രക്ഷപ്പെട്ടു.

Tags:    

Similar News