പുല്‍പ്പള്ളി: വയനാട്ടില്‍ കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതിമാര്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ സ്വന്തം കൃഷിയിടത്തിലാണ് ദാരുണാപകടം നടന്നത്. ഇവരുടെ വീടിനോടുചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ വേണ്ടി സ്ഥാപിച്ച വൈദ്യുതവേലിയില്‍ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. കൃഷിയിടത്തിലെ കുളത്തില്‍ മോട്ടോര്‍ സ്ഥാപിക്കാനാണ് ദമ്പതിമാരെത്തിയത്. നടക്കുന്നതിനിടെ വൈദ്യുതിവേലി മറികടന്നപ്പോള്‍ അബദ്ധത്തില്‍ കാല് തട്ടി ഷോക്കേറ്റെന്നാണ് നിഗമനം. കൃഷിയിടത്തിനുള്ളില്‍ ചെറിയ കുറ്റികള്‍ സ്ഥാപിച്ച് അതില്‍ നൂല്‍ക്കമ്പി കെട്ടിയാണ് വേലിയൊരുക്കിയിരുന്നത്. ഇതിലേക്ക് കെഎസ്ഇബിയുടെ വൈദ്യുതി നേരിട്ട് നല്‍കുകയായിരുന്നു.
ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റത്. കൃഷിയിടത്തിലെ ചാലില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും. നിലവിളികേട്ടെത്തിയ നാട്ടുകാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്‍പ്പള്ളി പോലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി കൃഷിയിടവും വീടും സീല്‍ ചെയ്തു.