ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ നാളെ സമാപിക്കും

എഫ്ആര്‍പി ബോട്ടായ സാമല്‍ണ്‍ 21, ഫിഷിംഗ് ബോട്ടുകളിലെ വല വലിച്ചു കയറ്റുന്നതിന് ഉപയോഗിക്കാവുന്ന ബാറ്ററി വിഞ്ച്, കേലാചന്ദ്ര എന്‍ജിനീയേഴ്‌സിന്റെ 25,000 രൂപ മാത്രം വിലയുള്ള അലൂമിനിയം വഞ്ചി തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങളാണ് മേളയിലുള്ളത്.സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജലകായികവിനോദ (വാട്ടര്‍സ്‌പോര്‍ട്‌സ്) ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സേവനദാതാക്കള്‍ തുടങ്ങി 45ഓളം സ്ഥാപനങ്ങളാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്

Update: 2022-03-26 15:15 GMT

കൊച്ചി: രണ്ടു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടന്നു വരുന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ (ഐബിഎംഎസ്) നാളെ സമാപിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പ്രദര്‍ശനസമയം. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജലകായികവിനോദ (വാട്ടര്‍സ്‌പോര്‍ട്‌സ്) ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സേവനദാതാക്കള്‍ തുടങ്ങി 45ഓളം സ്ഥാപനങ്ങളാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള 3000ത്തിലേറെ ബിസിനസ് സന്ദര്‍ശകരാണ് രണ്ടു ദിവസത്തിനിടയില്‍ പ്രദര്‍ശനത്തിനെത്തിയത്.


ഇന്ന് മുംബൈയിലുള്ള എസ്എച്ച്എം ഷിപ്പ്‌കെയര്‍ വൈ380 6 എം എന്ന എഫ്ആര്‍പി ബോട്ടായ സാമല്‍ണ്‍ 21 വിപണിയിലിറക്കി. പ്രദര്‍ശനവേദിയ്ക്കു സമീപമുള്ള ബോള്‍ഗാട്ടി ജട്ടിയില്‍ സാല്‍മണെ കാണാന്‍ ഇന്നലെ സന്ദര്‍ശകരുടെ തിരക്കായിരുന്നു. ഫിഷിംഗ് ബോട്ടുകളിലെ വല വലിച്ചു കയറ്റുന്നതിന് ഉപയോഗിക്കാവുന്ന ബാറ്ററി വിഞ്ചാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. കൊച്ചി ചുള്ളിക്കലെ ജോര്‍ജ് മെയ്‌ജോ ഇന്‍ഡസ്ട്രീസാണ് നിര്‍മാതാക്കള്‍. തൊഴിലാളിക്ഷാമം നേരിടുന്ന ഇക്കാലത്ത് വല വലിച്ചു കയറ്റാന്‍ ചുരുങ്ങിയത് മൂന്നു ആളുകളെങ്കിലും വേണമെന്നിരിക്കെയാണ് അതിനും പകരം ഉപയോഗിക്കാവുന്ന ബാറ്ററി വിഞ്ചിന്റെ വരവ്. കേലാചന്ദ്ര എന്‍ജിനീയേഴ്‌സിന്റെ 25,000 രൂപ മാത്രം വിലയുള്ള അലൂമിനിയം വഞ്ചിക്കും ഏറെ അന്വേഷണങ്ങളുണ്ട്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍കോം ഇന്റര്‍നാഷനല്‍ മേളയില്‍ അവതരിപ്പിക്കുന്ന വിപ്ലവകരമായ ഹൈബ്രിഡ് ഡീസല്‍ഇലക്ട്രിക് ബോട്ട് പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആദ്യദിവസം തന്നെ ഏറെ ബിസിനസ് സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. ഇതിനു പുറമെ മറൈന്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിരയും എല്‍കോം അവതരിപ്പിക്കുന്നുണ്ട്. ക്ലച്ച് വിടുവിച്ചാല്‍ ബോട്ട് പൂര്‍ണമായും ബാറ്ററി പവറില്‍ പ്രവര്‍ത്തിക്കുമെന്നതാണ് ഹെബ്രിഡ് ഡീസല്‍ഇലക്ട്രിക് ബോട്ട് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ സവിശേഷത.


ബൂസ്റ്റര്‍ മോഡില്‍ രണ്ട് പവറുകളുടേയും ഒരുമിച്ചുള്ള പിന്തുണയും എന്‍ജിന് ലഭിക്കും. രാജ്യത്തെ ആദ്യത്തെ സീറോഎമിഷന്‍ ഫെറിയില്‍ ഉപയോഗിക്കുന്ന ആദിത്യ 2017 എന്ന സോളാര്‍ ബോട്ടിലൂടെ പ്രശസ്തമായ നവാള്‍ട്ടും സോളാര്‍ ബോട്ടുകളുടെ ഉല്‍പ്പന്നനിരയുമായി മേളയിലുണ്ട്. നവ്‌നിത് മറൈന്റെ സ്റ്റാളിലുള്ള മാന്റ് 5 എന്ന വാട്ടര്‍ സൈക്കഌം മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. പെഡലുപയോഗിച്ച് ചവിട്ടിയും ഇലക്ട്രിക് പവറുപയോഗിച്ചും വെള്ളത്തില്‍ സവാരി ചെയ്യാവുന്ന വാട്ടര്‍ സൈക്കിളാണ് മാന്റ5.

കെബിപ്, കെഎംആര്‍എല്‍, കെഎംബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഐഡബ്ല്യുഎഐ, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും ഐബിഎംസിനുണ്ട്. ഈ മേഖലയിലെ 25 കേരളീയ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്‍ഡസ്ട്രി പവലിയനും കെബിപിന്റെ കീഴില്‍ മേളയിലുണ്ട്.

മേളയുടെ ഭാഗമായി ഇന്ന് കേരളത്തിലെ ചെറുതുറമുഖങ്ങളും മറീനകളും, ജലഗതാഗതം, സാന്‍ഡ് വിച്ച് സാങ്കേതികവിദ്യയും ഇന്‍ഫ്യൂഷന്‍ പ്രോസസ്സും, ഇലക്ട്രിക് ബോട്ടുകള്‍, മറൈന്‍ വിദ്യാഭ്യാസം ഇന്ത്യയില്‍, മത്സ്യബന്ധന ബോട്ടുകളിലെ പുതിയ പ്രവണതകള്‍, സോളാര്‍ ഫെറിയുടെ ഡിസൈന്‍, ഉള്‍നാടന്‍ വെസലുകളുടെ രൂപകല്‍പ്പന തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു. ക്രൂസ് എക്‌സപോസാണ് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ സംഘാടകര്‍. ഇക്കാലത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഫഷനല്‍ പ്രദര്‍ശന സംഘാടക സ്ഥാപനമായി കമ്പനി വളര്‍ന്നിട്ടുണ്ട്.

Tags:    

Similar News