വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രതീക്ഷ
വ്യവസായ പാര്‍ക്കുകളിലൂടെയും കോര്‍പറേറ്റ് നിക്ഷേപങ്ങളിലുടെയും കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.
കൊച്ചി: വ്യവസായ പാര്‍ക്കുകളിലൂടെയും കോര്‍പറേറ്റ് നിക്ഷേപങ്ങളിലുടെയും കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. കുടിയൊഴിപ്പക്കലുകള്‍ ഒഴിവാക്കി ക്ഷയിച്ച പ്ലാന്റേഷനുകളും തരിശൂഭൂമികളും കേന്ദ്രീകരിച്ച് ഭൂഉടമസ്ഥരുടെ സന്നദ്ധതയുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ ഭൂമി ഏറ്റെടുക്കല്‍ സ്‌കീമുകള്‍ക്ക് രൂപം നല്‍കുമെന്നും കിഫ്ബി ധനസഹായത്തിനു പുറമെ ലാന്‍ഡ് ബോണ്ടുകള്‍, ലാന്‍ഡ് പൂളിങ് തുടങ്ങിയ നൂതനമായ ഉപാധികള്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കുന്നു. കേരളത്തില്‍ ഇന്ന് സ്ഥാപിക്കപെടുന്ന വ്യവസായ പാര്‍ക്കുകളുടെ സ്വഭാവത്തില്‍ രണ്ടു പ്രത്യേകതകളുണ്ട്. ആദ്യത്തേത് പാര്‍ക്കുകളുടെ വലിപ്പത്തിലുളള വിസ്മയകരമായ കുതിച്ചുചാട്ടമാണ്. രണ്ടാമത്തേത് വന്‍കിട പശ്ചാത്തല സൗകര്യ നിക്ഷേപവുമായി ബന്ധപ്പെടുത്തി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ബോധപൂര്‍വമായ സമീപനം. കിഫ്ബിയില്‍ നിന്നുമാത്രം ഇപ്പോള്‍ 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും വ്യവസായ പാര്‍ക്കുകള്‍ക്കും വേണ്ടി 15,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി പ്രാന്തപ്രദേശങ്ങളില്‍ വ്യവസായ സമുച്ചയങ്ങളുടെ ഭീമന്‍ ശൃംഖല സൃഷ്ടിക്കുമെന്നാണ് മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പാരിപ്പള്ളി-വെങ്ങോട്അരുവിക്കര വിഴിഞ്ഞം റൂട്ടില്‍ ഔട്ടര്‍ റിംഗ് റോഡും അതോടനുബന്ധിച്ച് ഗ്രോത്ത് കോറിഡോറും സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2019-20 ല്‍ ആരംഭിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം.
വ്യവസായ മേഖലകളുടെയും വൈജ്ഞാനിക ഹബ്ബുകളുടെയും പുതിയ ടൗണ്‍ഷിപ്പുകളുടെയും ഒരു ശൃഖലയാരിക്കുമെന്നാണ് പറയുന്നത്. കൊച്ചി റിഫൈനറിയുമായി ബന്ധപ്പെടുത്തി പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 2019-20 ല്‍ ഫാക്ടിന്റെ 600 ഏക്കര്‍ ഭുമി ഏറ്റെടുക്കുന്നുണ്ട്. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയാണ് മറ്റൊരു പ്രധാന പദ്ധതി. ജിസിഡിഎ കിഴക്കന്‍ നഗര പ്രാന്ത പ്രദേശങ്ങളില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകളുടെ പുതിയൊരു രൂപ രേഖ തയാറാക്കുന്നുണ്ടെന്നും വാഗ്ദാനമുണ്ട്. അഴീക്കല്‍ പോര്‍ട്ടിനു സമീപം കോസ്റ്റ് ഗാര്‍ഡ് കേന്ദ്രത്തിന്റെ 150 ഏക്കര്‍ വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കും. പദ്ധതിയില്‍ വ്യവസായ പാര്‍ക്കുകള്‍ക്കായി 141 കോടി വകയിരുത്തിയിരുന്നു. 50 ലക്ഷത്തോളം ചതുരശ്ര അടി ഐടി പാര്‍ക്ക് ആദ്യ മൂന്നു വര്‍ഷം സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. സ്മാര്‍ട് സിറ്റിയില്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഓഫിസ് സ്‌പേസ് അടക്കം അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഒരു കോടി 16 ലക്ഷം ചതുരശ്ര അടികൂടി പുതുതായി സൃഷ്ടിക്കുമെന്നവും മന്ത്രി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. വ്യവസായ പാര്‍ക്കുകളിലേക്ക് കോര്‍പറേറ്റ് നിക്ഷേപം ആകര്‍ഷിക്കണമെന്ന ആവശ്യവും മന്ത്രി തന്റെ പ്രസംഗത്തില്‍ മുന്നോട്ടു വെക്കുന്നു. ഇന്ത്യയിലെ കോര്‍പറേറ്റ് നിക്ഷേപം കേരളത്തില്‍ നിന്നു വഴിമാറി ഒഴുകുകയാണ്. ഇതിന് മാറ്റമുണ്ടാകണമെന്നാണ് മന്ത്രിയുടെ പക്ഷം.
നിസാന്‍ കമ്പനി ടെക്‌നോ പാര്‍ക്കില്‍ ഇതിനകം 300 പേര്‍ക്കു തൊഴില്‍ നല്‍കി. അവരുടെ വൈദ്യുത വാഹന സിരാകേന്ദ്രം പൂര്‍ത്തിയാകുമ്പോള്‍ 2000 പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കുമെന്നാണ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് 57 ലക്ഷം ചതുരശ്ര അടി ടെക്‌നോപാര്‍കില്‍ നിര്‍മിക്കുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. എച്ച്ആര്‍ ബ്ലോക്ക് എന്ന ബഹുരാഷ്ട്ര കമ്പനി 40,000 ചതുരശ്ര അടി സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ അവര്‍ 550 പേര്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞു. സ്‌പേസ് ആന്റ് എയ്‌റോ സെന്റര്‍ ഓഫ് എക്‌സലന്‍സ് നിര്‍മിക്കാന്‍ പോകുന്ന രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥാപനത്തില്‍ 3,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെക് മഹീന്ദ്ര 200 പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം എടുത്തിട്ടുണ്ട്. കോഴിക്കാട് സൈബര്‍ പാര്‍ക്കില്‍ ആറു കമ്പനികളിലായി 150 പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കുന്നു. ഈ പാര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ രണ്ടായിരം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
എണസ്റ്റ് ആന്റ് യംഗ് എന്ന പ്രമുഖ കണ്‍സള്‍ട്ടിങ് കമ്പനി മാനേജ്ഡ് സര്‍വീസസ് എന്ന രീതിയില്‍ എമെര്‍ജിംഗ് ടെക്‌നോളജിയില്‍ ഊന്നി ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനിയും തിരുവനന്തപുരത്ത് വരുന്നതിന് ധാരണയായിട്ടുണ്ട്. എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ് എന്ന എയ്‌റോ സ്‌പേസ് ഇന്‍ക്വിബേറ്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിന് ധാരണാ പത്രം ഒപ്പു വെച്ചതായും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ വാര്‍ത്താ വിനിമയ രംഗത്തെ പ്രമുഖരായ തേജസ്, ഓഗ്‌ന്മെന്റഡ് റിയാലിറ്റി മേഖലിയിലെ യൂനിറ്റി എന്ന സിംഗപ്പൂര്‍ കമ്പനി, കംപ്യൂട്ടര്‍ എയിഡഡ് എന്‍ഞ്ചിനീയറിംഗ് മേഖലിയിലെ ആള്‍ട്ടയര്‍ എന്ന കമ്പനി എന്നിവ കൊച്ചിയിലാണ് വരുന്നത്. ഇന്റല്‍ കോര്‍പറേഷന്റെ സഹകരണത്തോടെ കെല്‍ട്രോണ്‍, കെഎസ് ഐഡിസി, യുഎസ്ടി ഗ്ലോബല്‍, ആക്‌സലറോണ്‍ എന്നിവരടങ്ങുന്ന ഒരു സംയുക്ത സംരംഭം കോക്കോണിക്‌സ് എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മണത്തിനുളള ചലനോന്മുഖ മേഖലയായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറയുന്നു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റൂട്ടും കെഎസ്‌ഐഡിസിയും ചേര്‍ന്ന് മെഡിക്കല്‍ ഡിവൈസുകള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടി രൂപയുടെ മെഡ്‌സ് പാര്‍ക്കിന്റെ നിര്‍മാണം 2019-20ല്‍ ആരംഭിക്കുമെന്നും മന്ത്രി പറയുന്നു. ഇതു കൂടാതെ ഫ്യജില്‍സു, ഹിറ്റാച്ചി തുടങ്ങിയ ഒട്ടേറെ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു ലക്ഷം പേരാണ് ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഇവരുടെ എണ്ണം രണ്ടുലക്ഷമായി ഉയരുമെന്നും മന്ത്രി പറയുന്നു. നാളത്തെ ലോകം ഇന്നത്തെ സ്റ്റാര്‍ട്ട് അപ്പുകളാണെന്നും ചിലി, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയില്‍ ഇന്നോവേഷന്‍ സോണിന്റെ നേതൃത്വത്തില്‍ രൂപം നല്‍കാന്‍ 10 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു