ഇളയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍; വാളയാര്‍ കേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

വലതുകക്ഷത്തിന്റെ ചുറ്റുമായാണു മുറിപ്പാടുകളുണ്ടായിരുന്നതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രമുഖ ചാനല്‍ റിപോര്‍ട്ട് ചെയ്തു. സംഭവസമയം മുറിയില്‍ ഒന്നും അലങ്കോലപ്പെട്ടു കിടന്നിരുന്നില്ലെന്നും അസ്വാഭാവികമായി മുറിയില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും സംഭവസ്ഥല മഹസറിലുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു.

Update: 2019-10-30 04:41 GMT

പാലക്കാട്: വാളയാര്‍ കേസില്‍ ഇളയെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്. വലതുകക്ഷത്തിന്റെ ചുറ്റുമായാണു മുറിപ്പാടുകളുണ്ടായിരുന്നതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രമുഖ ചാനല്‍ റിപോര്‍ട്ട് ചെയ്തു. സംഭവസമയം മുറിയില്‍ ഒന്നും അലങ്കോലപ്പെട്ടു കിടന്നിരുന്നില്ലെന്നും അസ്വാഭാവികമായി മുറിയില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും സംഭവസ്ഥല മഹസറിലുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു.

കട്ടിലിനു മുകളില്‍ രണ്ടു കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വച്ചിരുന്നതായും റിപോര്‍ട്ടിലുണ്ട്. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് നേരത്തേ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 25ന് പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പീല്‍ നല്‍കുമെന്നും പ്രഗത്ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പോലിസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.

ഇളയകുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നുവെന്ന റിപോര്‍ട്ട് ഉണ്ടായിട്ടും മരണത്തില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. കുട്ടിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടും ഈ അസ്വാഭാവികതകള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപോര്‍ട്ട് വ്യക്തമാക്കുന്നത്. മൂന്ന് മീറ്റര്‍ നീളമുള്ള ഉത്തരത്തിലാണ് ഇളയ കുഞ്ഞ് തൂങ്ങിമരിച്ചത്. 132 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിക്ക് അതിന് കഴിയില്ലെന്ന വസ്തുതയും കേസില്‍ പരിഗണിച്ചിട്ടില്ല. ഇതോടെ ഇളയകുട്ടിയുടെ മരണത്തിലും ദൂരൂഹത വര്‍ധിക്കുകയാണ്. 

Tags:    

Similar News