വാളയാർ പീഡനം: സിബിഐ അന്വേഷണം വേണം; രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ എതിർക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Update: 2019-10-31 06:21 GMT

തിരുവനന്തപുരം: വാളയാറില്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. ഇന്ന് രാവിലെ നിയമസഭയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പെൺകുട്ടികളുടെ അമ്മ പറഞ്ഞു. എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ എതിർക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അടക്കം വീഴ്ച പറ്റിയ കേസില്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

അതേസമയം, പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹികസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരത്തില്‍ ഇന്ന് സംസ്ഥാന നേതാക്കളും പങ്കെടുക്കും. വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് സംഘടിപ്പിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് കെപിസിസി. പ്രതിഷേധ മാര്‍ച്ചിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും.

Tags:    

Similar News