ഇന്റലിജന്റ്‌സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം: എറണാകുളത്ത് ആദ്യ കോറിഡോര്‍ പൂര്‍ത്തിയായി

ഡി സി സി ജംഗ്ഷന്‍, മെഡിക്കല്‍ ട്രസ്റ്റ്, മനോരമ ജംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന കോറിഡോറിന്റ നിര്‍മ്മാണമാണ് പൂ ര്‍ത്തിയായത്. ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി ഉള്‍പ്പെടുന്ന രണ്ടാം ഘട്ട കോറിഡോറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഒന്നര മാസത്തിനുള്ളില്‍ സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും

Update: 2021-01-13 11:02 GMT

കൊച്ചി: എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഇന്റലിജന്റ്‌സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം(ഐടിഎംഎസ്)ത്തിന്റെ ആദ്യ കോറിഡോര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഡി സി സി ജംഗ്ഷന്‍, മെഡിക്കല്‍ ട്രസ്റ്റ്, മനോരമ ജംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന കോറിഡോറിന്റ നിര്‍മ്മാണമാണ് പൂ ര്‍ത്തിയായത്. ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി ഉള്‍പ്പെടുന്ന രണ്ടാം ഘട്ട കോറിഡോറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഒന്നര മാസത്തിനുള്ളില്‍ സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും.

കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ 17 പ്രധാന ജംഗ്ഷനുകളിലാണ് ഇന്റലിജന്റ്‌സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നലിംഗ് സിസ്റ്റം സ്ഥാപിച്ചത്. നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്‌നലുകളാണ് പ്രാവര്‍ത്തികമാക്കിയത്. റോഡിലെ തിരക്കനുസരിച്ച് സിഗ്‌നല്‍ മാറുന്ന സംവിധാനമാണിത്. നാല് സിഗ്‌നലുകള്‍ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തോടൊപ്പം പൂര്‍ത്തിയാകും. വാഹനങ്ങള്‍ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നല്‍കിയാണ് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുന്നത്. റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്‌നല്‍ സമയം ക്രമീകരിക്കും.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള 30 കേന്ദ്രങ്ങളിലെ ക്യാമറ സ്ഥാപിക്കലുകള്‍ പൂര്‍ത്തിയായി. 93 കാമറകള്‍ 35 ഇടങ്ങളില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ബാക്കിയുള്ള അഞ്ച് കേന്ദ്രങ്ങളിലും കാമറകള്‍ സ്ഥാപിക്കാനാകും. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനും ഇവക്കാകും. മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്‌മെന്റ് ,നിരീക്ഷണ കാമറകള്‍ ,നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള മറ്റ് സേവനങ്ങള്‍.കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി റോഡ് മുറിച്ചു കടക്കുന്നതിനായി യാത്രക്കാര്‍ക്കു തന്നെ നിയന്ത്രിക്കാവുന്ന പെലിക്കണ്‍ സിഗ്നലുകളുടെ നിര്‍മ്മാണം കലൂരിലും ഇടപ്പള്ളിയിലും പൂര്‍ത്തിയായി.

മേനക ജംഗ്ഷനിലെക്കും ബോട്ട് ജെട്ടിയിലെയും നിര്‍മ്മാണങ്ങളാണ് ബാക്കിയുള്ളത്. പത്തിടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്ന ജോലികളും പൂര്‍ത്തിയായി. അഞ്ച് വര്‍ഷത്തെ പരിപാലനവുംഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവുമുള്‍പ്പടെ 26 കോടി രൂപയ്ക്കാണ് കെല്‍ട്രോണ്‍ പദ്ധതി നടപ്പാക്കുന്നത്ഇതോടൊപ്പം നവീകരിക്കുന്ന എ.എം.റോഡിന്റെ 75 ശതമാനം ജോലികള്‍ പൂര്‍ത്തീകരിച്ചു. ഷണ്‍മുഖം റോഡിന്റെ 36 ശതമാനം ജോലികളും, ഡി.എച്ച് റോഡിന്റെ 40 ശതമാനം ജോലികളും പാര്‍ക്ക് അവന്യു റോഡിന്റെ 50 ശതമാനം നവീകരണങ്ങളും പൂര്‍ത്തിയായി. ബാനര്‍ജി റോഡിന്റെ പണികള്‍ ആരംഭിച്ചു. സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ടെക്‌നോളജി ബേയ്‌സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News