ആയിരം വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികള്‍
ഹോപ് രജിസ്ട്രിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരള ക്ലസ്റ്റര്‍ ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, എന്നിവിടങ്ങളിലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആശുപത്രികളില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരള ക്ലസ്റ്റര്‍ ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, എന്നിവിടങ്ങളിലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.
ലോക വൃക്കദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും, മുതിര്‍ന്നവര്‍ക്ക് പ്രത്യേക ഇളവുകളോട് കൂടിയുള്ള വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകള്‍, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൗഡ് ഫണ്ടിങ്ങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കുറഞ്ഞ നിരക്കിലുള്ള ശസ്ത്രക്രിയകള്‍ യാഥാര്‍ഥ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള ഹോപ് രജിസ്ട്രി എന്ന സംവിധാനവുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. വൃക്ക മാറ്റിവെക്കല്‍ ആവശ്യമായി വരികയും വൃക്കദാനം ചെയ്യാന്‍ ദാതാവുണ്ടായിട്ടും ദൗര്‍ഭാഗ്യവശാല്‍ ദാതാവിന്റെ വൃക്ക അനുയോജ്യമല്ലാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവര്‍ ഹോപ് രജിസ്ട്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ഇതേ സാഹചര്യം അഭിമുഖീകരിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തുവാനും അവരുടെ ദാതാവിന്റെ വൃക്ക ആദ്യത്തെ വ്യക്തിക്കും ആദ്യ വ്യക്തിയുടെ ദാതാവിന്റെ വൃക്ക രണ്ടാമത്തെ വ്യക്തിക്കും അനുയോജ്യമാണെങ്കില്‍ അവര്‍ തമ്മില്‍ പരസ്പരം വൃക്കകൈമാറി ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്ന രീതിയായ സ്വാപ് ട്രാന്‍സ്പ്ലാന്റിന് വഴിയൊരുക്കാനാണ് ഹോപ് രജിസ്ട്രി പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലാദ്യമായാണ് ഇത്തരം ഒരു രജിസ്‌ട്രേഷന്‍ സംവിധാനം യാഥാര്‍ഥ്യമാകുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഹോപ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജവാദ് പറഞ്ഞു.സാധാരണ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പുറമെ റോബോട്ടിക് ട്രാന്‍സ്പ്ലാന്റ് രീതിയിലുള്ള വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയാ രീതിയും ഈ സെന്ററുകളില്‍ ലഭ്യമാണ്. ഇതിന് പുറമെ ദാതാക്കളുണ്ടായിട്ടും മാച്ചിംഗ് ഇല്ലാത്തതിനാല്‍ വൃക്കമാറ്റിവെക്കല്‍ നടത്താന്‍ സാധിക്കാതെ വരുന്നവര്‍ക്കായി ടു വേ സ്വാപ് ട്രാന്‍സ്പ്ലാന്റ്, ത്രീ വേ സ്വാപ് ട്രാന്‍സ്പ്ലാന്റ്, ഫോര്‍ വേ സ്വാപ് ട്രാന്‍സ്പ്ലാന്റ് രീതികളും കേരളത്തിലാദ്യമായി നടപ്പിലാക്കിയത് ആസ്റ്റര്‍ ഹോസ്പിറ്റലുകളാണെന്നും. കുഞ്ഞുങ്ങളുടെ വൃക്കമാറ്റിവെക്കലില്‍ കേരളത്തിലെ ഏറ്റവും വലിയ സെന്റര്‍ എന്ന സവിശേഷതയും ആസ്റ്റര്‍ ആശുപത്രികള്‍ക്കാണെന്നും ഇവര്‍ പറഞ്ഞു.ഡോ. ഹരി, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് (ആസ്റ്റര്‍ മിംസ് കോട്ടക്കല്‍) വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.