ഗവര്‍ണര്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ ഹബീബ്; തന്റെ ബഹുമതികളെല്ലാം തിരിച്ചെടുത്താലും സിഎഎ വിരുദ്ധ നിലപാടില്‍ മാറ്റമുണ്ടാവില്ല

ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് മൗലാനാ അബ്ദുല്‍ കലാം ആസാദ് പറഞ്ഞുവെന്ന് പറയുന്ന ആ വാചകം, അത് തെറ്റായാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ധരിച്ചത്. ഇന്ത്യന്‍ മുസ്‌ലിംകള്‍, അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്ന വെള്ളമെന്ന തരത്തിലൊരു പ്രസ്താവന ഒരിക്കലും ആസാദ് പറഞ്ഞിട്ടില്ല. എന്തിനാണ് നുണ പ്രധാനപ്പെട്ട ഒരു ചടങ്ങിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉദ്ധരിക്കുന്നത്.

Update: 2019-12-30 07:42 GMT

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കാന്‍ തയ്യാറല്ല. അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം സര്‍ക്കാര്‍ തിരിച്ചെടുത്താലും തന്നെ ക്രിമിനലെന്ന് വിളിച്ചാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇര്‍ഫാന്‍ ഹബീബാണെന്ന ഗവര്‍ണറുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗം തെറ്റാണ്‌. വിഭജനത്തെക്കുറിച്ച് മൗലാനാ അബ്ദുല്‍ കലാം ആസാദ് പറഞ്ഞതെന്ന് കാട്ടി ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. താന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചെന്നൊക്കെ പറയുന്നതിന് എന്താണ് മറുപടി പറയേണ്ടത്.

എനിക്ക് 88 വയസ്സായി. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥന് 35 ഓ, പരമാവധി നാല്‍പ്പതോ വയസ് മാത്രമേയുള്ളൂ പ്രായം. ആ ഉദ്യോഗസ്ഥനെ മറികടന്ന് താന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിക്കുകയോ. ഇത് രണ്ടും കേട്ടാല്‍ത്തന്നെ ആ പറയുന്നതിന്റെ നുണയെന്തെന്ന് നിങ്ങള്‍ക്ക് ആലോചിച്ചുകൂടേയെന്ന് ഇര്‍ഫാന്‍ ഹബീബ് ചോദിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് മൗലാനാ അബ്ദുല്‍ കലാം ആസാദ് പറഞ്ഞുവെന്ന് പറയുന്ന ആ വാചകം, അത് തെറ്റായാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ധരിച്ചത്. ഇന്ത്യന്‍ മുസ്‌ലിംകള്‍, അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്ന വെള്ളമെന്ന തരത്തിലൊരു പ്രസ്താവന ഒരിക്കലും ആസാദ് പറഞ്ഞിട്ടില്ല. എന്തിനാണ് നുണ പ്രധാനപ്പെട്ട ഒരു ചടങ്ങിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉദ്ധരിക്കുന്നത്.

ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇസ്‌ലാം മതത്തിലുള്ളവരല്ലാത്തവര്‍ക്ക് പൂര്‍ണപൗരത്വം നല്‍കരുതെന്ന വരികളുണ്ടെന്ന് പറഞ്ഞതും അബദ്ധമാണ്. ഖുര്‍ആനില്‍ എന്ത് പൗരത്വമാണ്. പൗരത്വമെന്ന ആശയംതന്നെ ഖുര്‍ആന്‍ എഴുതപ്പെട്ടകാലത്ത് വന്നിരുന്നില്ല. അബദ്ധജടിലമായ പ്രസംഗത്തില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് നടന്നപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നു. അന്ന് ഒരുവിധത്തിലുള്ള പ്രോട്ടോക്കോള്‍ പ്രശ്‌നവുമുണ്ടായിട്ടില്ല. അന്നുണ്ടാവാത്ത എന്ത് പ്രോട്ടോക്കോള്‍ പ്രശ്‌നമാണ് പ്രസിഡന്റിനേക്കാള്‍ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവര്‍ണര്‍ക്കുണ്ടായതെന്ന് അറിയില്ല. തനിക്ക് അസഹിഷ്ണുതയുണ്ട്. എന്നാല്‍, അത് സിഎഎയുമായി ബന്ധപ്പെട്ടതാണ്. സിഎഎ പോലൊരു നിയമത്തെ എതിര്‍ക്കുന്നതുതന്നെയായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News