മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് പ്രസംഗിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരേ വക്കീല്‍ നോട്ടീസ്
രാജ്യത്തിന്റെ ഐക്യത്തിനും വൈവിധ്യത്തിനും പരമാധികാരത്തിനും എതിരായി പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
അലിഗഢ്: നരേന്ദ്ര മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് പ്രസംഗിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ വക്കീല്‍ നോട്ടീസ്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ്.
രാജ്യത്തിന്റെ ഐക്യത്തിനും വൈവിധ്യത്തിനും പരമാധികാരത്തിനും എതിരായി പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. അമിത് ഷായുടെ പേരില്‍ നിന്ന് പേര്‍ഷ്യന്‍ വാക്കായ ഷാ എന്നത് നീക്കം ചെയ്യണമെന്നും മുസ്‌ലിംകളെ ആക്രമിക്കുന്നതിനാണ് ആര്‍എസ്എസ് രൂപവത്കരിച്ചതെന്നും പ്രസംഗിച്ചതായി നോട്ടീസില്‍ പറയുന്നു.
ഇന്ത്യയുടെ വിഭജനത്തിന് കാരണം സവര്‍ക്കറാണെന്ന് ആരോപിക്കുകയും സ്വച്ഛഭാരത് അഭിയാന്റെ ചിഹ്നത്തില്‍ ഗാന്ധിയുടെ കണ്ണട ഉപയോഗിച്ചതിനെ പരിഹസിക്കുകയും ചെയ്തതായും നോട്ടീസില്‍ ആരോപിക്കുന്നു. സന്ദീപ് കുമാര്‍ ഗുപ്ത എന്ന അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ഏഴു ദിവസത്തിനകം മറുപടി നല്‍കുകയും ക്ഷമാപണം നടത്തുകയും ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു.