ദീപക്കിന്റെ വീട്ടില്‍നിന്ന് ഇര്‍ഷാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബം ഏറ്റുവാങ്ങി; പള്ളിയില്‍ ഖബറടക്കി

ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച പെരുവണ്ണാമൂഴിയിലെ ഇര്‍ഷാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ റവന്യൂ, പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Update: 2022-08-08 05:23 GMT

മേപ്പയ്യൂര്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്ത് കണ്ടി ദീപക്കിന്റെ വീട് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഞായറാഴ്ച സാക്ഷ്യംവഹിച്ചത്. ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച പെരുവണ്ണാമൂഴിയിലെ ഇര്‍ഷാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ റവന്യൂ, പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മേപ്പയ്യൂരിലെ കൂനം വെള്ളിക്കാവ് വടക്കേടത്തുക്കണ്ടി ദീപക്കിന്റെ മൃതദേമാണെന്ന് കരുതിയാണ് കുടുംബം വീട്ടുവളപ്പില്‍ ചിതയൊരുക്കിയത്. എന്നാല്‍, ഡിഎന്‍എ പരിശോധനയിലൂടെ അത് ഇര്‍ഷാദാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്.മകന്റെ അസ്ഥിയെങ്കിലും കൊണ്ടുവന്ന് കബറടക്കണമെന്ന ആ പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഭൗതികാവശിഷ്ടങ്ങള്‍ ഇര്‍ഷാദിന്റെ കുടുംബത്തിന് കൈമാറിയത്.

പെരുവണ്ണാമൂഴി സിഐ കെ സുഷീറിന്റെ കൈകളില്‍ നിന്ന് ഭൗതികാവശിഷ്ടങ്ങള്‍ ഇര്‍ഷാദിന്റെ ഉമ്മയുടെ സഹോദരീപുത്രനായ റഷീദ് ഏറ്റുവാങ്ങി. റഷീദിനൊപ്പം കുന്നത്ത് അസീസ്, ബീരാന്‍ കുട്ടി എന്നിവരും ഉണ്ടായിരുന്നു. പെരുവണ്ണാമൂഴി എസ്‌ഐ കെ ബാലകൃഷ്ണനൊപ്പമായിരുന്നു ഇവര്‍ എത്തിയത്. ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ആഗ്രഹപ്രകാരം സ്വന്തം മഹല്ലിലെ പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യാനാണ് ഭൗതികാവശിഷ്ടങ്ങള്‍ കൊണ്ടുപോയത്.

തുടര്‍ന്ന് ഈ ഭൗതികാവശിഷ്ടങ്ങള്‍ പന്തിരിക്കരയിലെ ആവടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇര്‍ഷാദിന്റെ പിതാവ് നാസര്‍, സഹോദരന്‍ അര്‍ഷാദ്, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മഹല്ല് ഖാസി ബഷീര്‍ ബാഖവി ചടങ്ങുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കി.

വടകര ആര്‍ഡിഒ സി ബിജു, പേരാമ്പ്ര എഎസ്പി വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സിഐ കെ സുഷീര്‍, പേരാമ്പ്ര എസ്‌ഐ ഹബീബ്, മേപ്പയ്യൂര്‍ സിഐ കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ റവന്യൂ, പോലിസ് ഉദ്യോഗസ്ഥര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അതിനിടെ ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണസംഘാംഗമായ മേപ്പയ്യൂര്‍ സിഐ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News