ദൈവനിന്ദ: പാകിസ്താനില്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ പൗരന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ശ്രീലങ്കന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥരാണ് കൊളംബോ വിമാനത്താവളത്തില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്.

Update: 2021-12-07 10:29 GMT

കൊളംബോ: ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് പാകിസ്താനില്‍ ആള്‍കൂട്ടം കൊലപ്പെടുത്തിയ ശ്രീലങ്കന്‍ പൗരന്‍ പ്രിയന്ത കുമാരയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊലപ്പെടുത്തിയതിന് ശേഷം ആക്രമികള്‍ സംഭവസ്ഥലത്ത് വെച്ച് പ്രിയന്തയുടെ മൃതദേഹത്തിന് തീയിട്ടിരുന്നു. അതിനാല്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടമാണ് സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച വൈകിയാണ് മൃതദേഹം ശ്രീലങ്കയിലെത്തിച്ചത്.

ശ്രീലങ്കന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥരാണ് കൊളംബോ വിമാനത്താവളത്തില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം പ്രിയന്തയുടെ കുടുംബത്തിന് കൈമാറി. സംസ്‌കാരം ബുധനാഴ്ച നടക്കും. മൃതദേഹം വഹിച്ചുകൊണ്ട് പാക് സംഘം വിമാനത്താവളത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പെ തന്നെ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രിയന്തയ്ക്ക് നീതി ആവശ്യപ്പെട്ട് തടിച്ചുകൂടിയിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തീവ്രവലത് സംഘടനയായ തെഹ്‌രീകെ ലബ്ബെയ്ക് പാകിസ്താനിലെ (ടിഎല്‍പി) അംഗങ്ങളടങ്ങിയ ആള്‍ക്കൂട്ടം പ്രിയന്തയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.പാകിസ്താനിലെ പഞ്ചാബിലെ സിയാല്‍കോട്ടില്‍ കായികോപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയന്ത.

മുഹമ്മദ് നബിയുടെ വചനങ്ങള്‍ ആലേഖനം ചെയ്ത ടിഎല്‍പിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രിയന്തയെ ഫാക്ടറിയില്‍ കയറി കൈയേറ്റം ചെയ്തതും കൊലപ്പെടുത്തിയതുമെന്നാണ് റിപോര്‍ട്ട്.അതേസമയം കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രജപക്‌സെയെ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ 124 പേരെ തുറങ്കിലടച്ചിട്ടുണ്ട്.

Tags:    

Similar News