കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം തള്ളി; ബിഹാറില്‍ മദ്യനിരോധനം തുടരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്‌ന: ബിഹാറിലെ മദ്യനിരോധനം പിന്‍വലിക്കണമെന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തള്ളി. സമൂഹത്തിന്റെ വിശാലതാല്‍പ്പര്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് മദ്യനിരോധനം തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനിരോധനം മൂലം സംസ്ഥാന സര്‍ക്കാരിന് കോടികളുടെ വരുമാനം നഷ്ടമാവുന്നുവെന്ന് പ്രതിപക്ഷമായ ബിജെപിയും സഖ്യകക്ഷിയായ കോണ്‍ഗ്രസ്സും വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രസ്താവന.
സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയുടെ (എച്ച്എഎം) രക്ഷാധികാരി ജിതന്‍ റാം മാഞ്ചിയും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് അജിത് ശര്‍മയും മദ്യനിരോധന നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യനിരോധനം ഫലപ്രദമായല്ല നടക്കുന്നത്. അതിനേക്കാള്‍ നല്ലത് മദ്യനിരോധനം പിന്‍വലിക്കുന്നതാണ്. മദ്യനിരോധനം നല്ല ഉദ്ദേശത്തോടുകൂടിയാണ് കൊണ്ടുവന്നത്. പക്ഷെ, നിരോധനം നടപ്പാക്കുന്നത് ഫലപ്രദമായല്ല.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മദ്യം ലഭ്യമാണ്. അതിനേക്കാള്‍ നല്ലത് സര്‍ക്കാര്‍ മദ്യനിരോധനം പിന്‍വലിക്കുന്നതാണ്- അജിത്ത് ശര്‍മ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മദ്യ നിരോധനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ വാദങ്ങള്‍ തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. 'ചില അനിഷ്ട സംഭവങ്ങളൊഴികെ, മദ്യനിരോധനം സമൂഹത്തില്‍ വലിയതോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് അതിന്റെ ഗുണമേറെയാണ്. 2016 ഏപ്രിലില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്'- നിതീഷ് കുമാര്‍ പറഞ്ഞു.
മദ്യം കഴിച്ചാല്‍ ആളുകള്‍ ദുഷ്ടന്‍മാരായി മാറുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ ആവശ്യത്തിന്റെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമവായത്തിന്റെയും അടിസ്ഥാനത്തിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അത് ഗുണം ചെയ്തിട്ടുണ്ട്. അതിനാല്‍, അത് ഇവിടെ തുടരും- നിതീഷ് കുമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ബിഹാറില്‍ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ പേരില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. സംസ്ഥാനത്ത് മദ്യം സുലഭമാണ്. വ്യാജമദ്യം കഴിച്ച് നൂറുകണക്കിനാളുകള്‍ മരിക്കുകയോ കാഴ്ച നഷ്ടപ്പെടുകയോ ചെയ്ത വലിയ മദ്യദുരന്തങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്.
മദ്യമാഫിയയുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ടില്‍ 20,000 കോടി രൂപയുടെ സമാന്തര സമ്പദ്‌വ്യവസ്ഥയാണ് ബിഹാറില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഈ നിയമത്തിന്റെ ഇരകളാവുന്നത് പാവപ്പെട്ടവര്‍ മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി സംസ്ഥാനത്തെ മദ്യനിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
20,000 കോടി രൂപയുടെ സമാന്തര സമ്പദ്‌വ്യവസ്ഥ നയിക്കുന്ന വ്യാജ മദ്യമാഫിയയുടെ ഇരകള്‍ സംസ്ഥാനത്തെ ദരിദ്രരായ മനുഷ്യരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍സിപി സിങും മദ്യനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. മദ്യനിരോധനമുള്ളതിനാല്‍ സംസ്ഥാനത്തെ വിനോദ സഞ്ചാരികള്‍ അവഗണിക്കുകയാണ്. ഓരോ തവണ ബിഹാറിലെ വിമാനത്താവളങ്ങളിലിറങ്ങുമ്പോഴും അവര്‍ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.