പ്രതിപക്ഷത്തിൻ്റേത് ആശുപത്രി വരാന്തയിലെ കുലുക്കിക്കുത്ത്: ജനതാദൾ(എസ്)
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഴിമതികളെ കുറിച്ച് നാട്ടിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാവുന്നതാണ്. അത്തരം അഴിമതിക്കാരുടെ ഈ തോറ്റംപാട്ട് ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.
തിരുവനന്തപുരം: കേരളവും ലോകവും ഒരു മഹാമാരിക്കെതിരെ പടപൊരുതുമ്പോൾ ഏറ്റവും തരംതാണ രാഷ്ട്രീയ ആരോപണക്കച്ചവടത്തിന് പ്രതിപക്ഷം ശ്രമിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ജനതാദൾ (എസ്) നേതാക്കൾ. സ്പ്രിങ്ഗ്ലർ കരാറുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാക്കളും മറ്റും പരിശ്രമിക്കുന്നത്.
ഉത്സവ പറമ്പുകളിൽ കുലുക്കിക്കുത്ത് നടത്തി തട്ടിപ്പ് കാണിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ആശുപത്രി വരാന്തയിൽ കുലുക്കിക്കുത്ത് നടത്തുന്നവരായി പ്രതിപക്ഷം അധ:പതിച്ചിരിക്കുകയാണ്. കൊവിഡ് 19 നേരിടാനുള്ള പരിശ്രമങ്ങൾക്ക് കരുത്ത് പകരാനായി സംസ്ഥാന സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമാണ് സ്പ്രിങ്ഗ്ലർ കമ്പനിയുമായുള്ള കരാർ.
ഈ കരാറിന്മേൽ സംസ്ഥാന സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലെന്ന് വ്യക്തമായിട്ടും അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത് കാണുമ്പോൾ "ചോര തന്നെ കൊതുകിന് കൗതുകം " എന്ന് പറയേണ്ടി വരും.
ഈ സർക്കാരിന് ഒന്നും മറയ്ക്കാനില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഴിമതികളെ കുറിച്ച് നാട്ടിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാവുന്നതാണ്. അത്തരം അഴിമതിക്കാരുടെ ഈ തോറ്റംപാട്ട് ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സി കെ നാണു, മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.