മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാവുന്നു

ജയസൂര്യയാണ് സത്യന്റെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിൽ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദനാണ്.

Update: 2019-06-14 14:28 GMT

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് സത്യന്റെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിൽ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദനാണ്. കെ ജി സന്തോഷിന്റെ കഥയ്ക്ക് ബി ടി അനിൽകുമാർ, കെ ജി സന്തോഷ്, രതീഷ് രഘുനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്.

ചടങ്ങിനു മുമ്പ് നടൻ ജയസൂര്യ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ അഗസ്റ്റിൻ, നിർമ്മാതാവ് വിജയ ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എൽഎംഎസ് പള്ളിയിലെ സത്യൻ സ്മൃതിയിലെത്തി പുഷ്പ്പാർച്ചന നടത്തി. സത്യന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.


മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിരുന്നു സത്യൻ. ജീവിതം മുന്നോട്ട് വച്ച എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച സത്യൻ 20 വർഷക്കാലം മലയാള സിനിമയുടെ അഭിമാനമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു. മലയാളികൾക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ സത്യന്റെ 'ഓടയില്‍ നിന്നി'ലെ പപ്പുവും 'മുടിയനായ പുത്രനി'ലെ രാജനും 'ചെമ്മീനി'ലെ പളനിയും നീലക്കുയിലി'ലെ ശ്രീധരന്‍ മാസ്റ്ററും 'വാഴ്‌വേമായ'ത്തിലെ സുധീന്ദ്രനും 'കുട്ട്യേടത്തി'യിലെ അപ്പുക്കുട്ടനുമെല്ലാം മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച കഥാപാത്രങ്ങളാണ്.

അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികവു പുലർത്തിയ സത്യന്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ പ്രസിദ്ധനായിരുന്നു അദ്ദേഹം.  സത്യനെ വെള്ളിത്തിരയിൽ എത്തിക്കുന്ന ജയസൂര്യ അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ്. ഫുട്ബോള്‍ താരം വി പി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ക്യാപ്റ്റനിലയെും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ജയസൂര്യയെ തേടിയെത്തിയിരുന്നു.

Tags:    

Similar News