ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുണ്ടായ വധ ഭീഷണി;ആഭ്യന്തര വകുപ്പിന്റെ പരാജയം:പിഎംഎ സലാം
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധ ഭീഷണി ഉണ്ടായ സംഭവം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും സലാം പറഞ്ഞു.
മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷന്‍ തനിക്ക് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയത്. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാല്‍ തനിക്കെതിരേ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഭീഷണി കോള്‍ വന്ന കാര്യം തന്നോട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നതായി സലാം വ്യക്തമാക്കി.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഭീഷണി കോള്‍ വന്നിരുന്നെന്നും, സിപിഎമ്മിന്റെ അനുഭവം അറിയാലോ എന്ന് പറഞ്ഞ് കട്ട് ചെയ്തുവെന്നും തങ്ങള്‍ പറഞ്ഞിരുന്നതായി സലാം വ്യക്തമാക്കി. അദ്ദേഹം അത് ഗൗരവമായി എടുത്തിട്ടില്ലെന്നും,എന്നാല്‍ ഞാനത് ഗൗരവമായി എടുക്കുകയാണെന്നും സലാം പറഞ്ഞു.ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിന് കാരണമെന്നും സലാം പറഞ്ഞു.