അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി; സായുധരെ കടത്തിവിടാന്‍ പാകിസ്താന്‍ നിര്‍മിച്ചതെന്ന് ഇന്ത്യന്‍ സൈന്യം

കഴിഞ്ഞവര്‍ഷം നവംബര്‍ 22നും സാമ്പ സെക്ടറിലെ അതിര്‍ത്തിയില്‍ സമാനരീതിയിലുള്ള തുരങ്കം കണ്ടെത്തിയിരുന്നു. മൂന്ന് അടി വിസ്താരവും 25-30 അടി താഴ്ചയുമുള്ളതാണ് തുരങ്കം. ഇതിന് ഏകദേശം 150 മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതിര്‍ത്തിയില്‍നിന്ന് 300 അടി അകലത്തിലാണ് തുരങ്കമുഖം കണ്ടെത്തിയത്.

Update: 2021-01-13 17:51 GMT

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സുരക്ഷാസേന വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു- കശ്മീരിലെ ഹിരണ്‍നഗര്‍ സെക്ടറിലെ സാമ്പയിലാണ് ബുധനാഴ്ച ഇന്ത്യന്‍ സൈന്യം ഭൂഗര്‍ഭ തുരങ്കം കണ്ടെത്തിയത്. പാകിസ്താനില്‍നിന്ന് ഇന്ത്യയിലേയ്ക്ക് പരിശീലനം നേടിയ സായുധരെ കടത്തിവിടുന്നതിന് പാക് സൈന്യം നിര്‍മിച്ചതാണ് ഈ തുരങ്കമെന്ന് സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബര്‍ 22നും സാമ്പ സെക്ടറിലെ അതിര്‍ത്തിയില്‍ സമാനരീതിയിലുള്ള തുരങ്കം കണ്ടെത്തിയിരുന്നു. മൂന്ന് അടി വിസ്താരവും 25-30 അടി താഴ്ചയുമുള്ളതാണ് തുരങ്കം. ഇതിന് ഏകദേശം 150 മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതിര്‍ത്തിയില്‍നിന്ന് 300 അടി അകലത്തിലാണ് തുരങ്കമുഖം കണ്ടെത്തിയത്.

65 അടി മാത്രമാണ് ഇന്ത്യയുടെ വശത്തെ വേലിയിലേയ്ക്കുള്ളത്. സായുധരെ അതിര്‍ത്തി കടത്തുന്നതിന് പാക് സൈന്യം പ്രത്യേക നുഴഞ്ഞുകയറ്റ പാത നിര്‍മിക്കുന്നുവെന്ന വിവരം ലഭിച്ചതായും ഇത് കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നതായും ബിഎസ്എഫ് അറിയിച്ചു. ഇത് അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമാവുന്നത്. അതിര്‍ത്തി രക്ഷാധികാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയെന്നത് പാക് സുരക്ഷാ സേനയുടെ പഴയ തന്ത്രമാണ്. അതിര്‍ത്തിയില്‍ നടക്കുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും അടുത്തിടെ കണ്ടെത്തിയ തുരങ്കങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ഭീകരവിരുദ്ധ വിഭാഗം പറയുന്നു.

തുരങ്കം നിര്‍മിക്കുന്നതില്‍നിന്ന് ഇന്ത്യന്‍ ഭാഗത്തുള്ള സൈനികരുടെ ശ്രദ്ധതിരിക്കുന്നതിനാണ് ഇടയ്ക്കിടെ പാക് സൈന്യം വെടിയുതിര്‍ക്കുന്നത്. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 930 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് 2020ല്‍ മാത്രമുണ്ടായതെന്നാണ് കണക്ക്. മുന്‍വര്‍ഷത്തെ 605 സംഭവങ്ങളെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പാക് ഭരണകൂടം സായുധരെ റിക്രൂട്ട് ചെയ്യുന്നതില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2020 ല്‍ റിക്രൂട്ട് ചെയ്ത 174 സായുധരില്‍ 52 പേര്‍ മാത്രമാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. ഇവരില്‍ 50 ഓളം പേരെ അറസ്റ്റുചെയ്യുകയോ കീഴടങ്ങുകയോ ചെയ്തു. ഏറ്റുമുട്ടലില്‍ 76 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സേന വ്യക്തമാക്കി.

Tags:    

Similar News