ജോസഫിന് സീറ്റില്ലെന്ന് സൂചന; കോട്ടയത്ത് തോമസ് ചാഴിക്കാടനോ പ്രിന്‍സ് ലൂക്കോസോ സ്ഥാനാര്‍ഥിയാവും
ജോസഫിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമധാരണയിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞായറാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചെയര്‍മാന്‍ കെ എം മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ എം മാണി കേരളാ കോണ്‍ഗ്രസ് കോട്ടയം മണ്ഡലം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പി ജെ ജോസഫിനെതിരേ എതിര്‍പ്പുയര്‍ന്നത്.
കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ കോട്ടയം ലോക്‌സഭാ സീറ്റിലേക്ക് പി ജെ ജോസഫിനെ പരിഗണിക്കാനുള്ള സാധ്യത മങ്ങുന്നു. ജോസഫിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമധാരണയിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞായറാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചെയര്‍മാന്‍ കെ എം മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ എം മാണി കേരളാ കോണ്‍ഗ്രസ് കോട്ടയം മണ്ഡലം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പി ജെ ജോസഫിനെതിരേ എതിര്‍പ്പുയര്‍ന്നത്.
മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയായി കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് നേതാക്കള്‍ മാണിയെ നേരിട്ടറിയിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ സീറ്റ് മാണി വിഭാഗത്തിന് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറ് എണ്ണവും കെ എം മാണിക്കൊപ്പമാണ്. അതുകൊണ്ടുതന്നെ അണികളുടെ വികാരം മാണിക്ക് കാണാതിരിക്കാന്‍ സാധിക്കില്ല. ജോസഫിനെ ഒഴിവാക്കിയാല്‍ തോമസ് ചാഴിക്കാടനോ കേരളാ യൂത്ത് ഫ്രണ്ട് മുന്‍ പ്രസിഡന്റ് കൂടിയായ പ്രിന്‍സ് ലൂക്കോസോ സ്ഥാനാര്‍ഥിയാവും. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനത്തില്‍ ജോസഫ് വിഭാഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തി.
ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് ഇത്രയും കൂടിയാലോചനകളൊന്നും നടത്താതെയാണെന്നും അന്ന് ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. നേരത്തെ, ജോസഫ് കോട്ടയത്ത് സ്ഥാനാര്‍ഥിയാവുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടതില്ലെന്നും വിജയസാധ്യതയുള്ള മറ്റുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അഭിപ്രായപ്പെട്ടത്. കോട്ടയത്ത് ആര് മല്‍സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു.