കെപിസിസി നേതൃത്വത്തിനെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ച് കെ മുരളീധരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേണ്ടവിധത്തില്‍ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ മുരളീധരന്‍ ഉന്നയിച്ചിരുന്നു.

Update: 2020-01-27 05:05 GMT
കോഴിക്കോട്: എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിനെതിരേ വിമര്‍ശനമുന്നയിച്ച് കെ മുരളീധരന്‍ എംപി. എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് നേതാക്കള്‍ ഗൗരവത്തോടെ കാണണം. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി സംസാരിച്ചെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേണ്ടവിധത്തില്‍ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ മുരളീധരന്‍ ഉന്നയിച്ചിരുന്നു. യുഡിഎഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവര്‍ എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ അണിനിരന്നു. ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ വിമര്‍ശിക്കുകയുണ്ടായി.

കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും തമ്മില്‍ വാക്‌പോരുമുണ്ടായി. ബൂത്ത് പ്രസിഡന്റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നുവെന്നും ഇത് പാര്‍ട്ടിക്ക് ദോഷമാണെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇപ്പോഴത്തെ ഭാരവാഹി പട്ടികയില്‍ നിന്ന് എണ്ണം കൂടരുത്. പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവര്‍ത്തിക്കാനുള്ള വേദിയാണെന്നും മുരളീധരന്‍ പറയുകയുണ്ടായി.

കെപിസിസി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്റെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാനില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

#പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നും കാര്യങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയേണ്ടതെന്നും മുല്ലപ്പള്ളി മറുപടി നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് വേദിയിലാണ് ജംബോ കമ്മറ്റിയെകുറിച്ചുള്ള വിമര്‍ശനം ഉന്നയിച്ചതെന്ന് മുരളീധരന്‍ വ്യക്തമാക്കി. പിന്നാലെയാണ് കെപിസിസി യോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്ന് മുരളീധരന്‍ പറഞ്ഞത്.


Tags:    

Similar News