'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബിജെപി ഭീഷണി ഉയര്‍ത്തി ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കും, എന്നിട്ട് അവര്‍ ബിജെപി വോട്ട് വാങ്ങുമെന്ന്' കെ മുരളീധരന്‍

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയന്‍ അഹങ്കരിക്കരുതെന്നും മുരളീധരന്‍

Update: 2021-05-05 08:14 GMT

തിരുവനന്തപുരം: 'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബിജെപി ഭീഷണി കാട്ടി ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കും, എന്നിട്ട് അവര്‍ ബിജെപി വോട്ടുകള്‍ വാങ്ങുകയും ചെയ്യുമെന്ന്' കെ മുരളീധരന്‍. നേമത്ത് ബിഡിജെഎസിന്റെ വോട്ട് വാങ്ങാന്‍ രഹസ്യമായി സിപിഎം പ്രവര്‍ത്തിച്ചു. ബിഡിജെഎസ് നേമത്ത് എല്‍ഡിഎഫിനാണ് വോട്ടു ചെയ്തത്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാന്‍ കാരണം യുഡിഎഫിന്റെ പ്രവര്‍ത്തനമായിരുന്നു. നേമം, മഞ്ചേശ്വരം, പാലക്കാട്. തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയെ തടഞ്ഞത് യുഡിഎഫാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന് അഹങ്കാരം തലക്ക് പിടിച്ചിരിക്കുകയാണ്. ബിജെപിക്ക് വോട്ടു കുറയുന്നതിലാണ് മുഖ്യമന്ത്രിക്ക് ദുഖം. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവില്‍ യുഡിഎഫ് ജയിച്ച തിരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം.

ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യമില്ല. ബംഗാള്‍ ഫലം എന്തായെന്നും കെ മുരളീധരന്‍ ചോദിച്ചു. സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്‍എസ്എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതനല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ടെന്നും കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസ് ആണ്. ബിജെപി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഡിസിസിയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം അതൃപ്തി പ്രകടപ്പിച്ചു. മറ്റന്നാള്‍ ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News