കെ ആര്‍ മീരയുടെ നിയമനം യോഗ്യത പരിഗണിച്ച്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എംജി വിസി

സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസ്സംഘടനയും നിയമപരമായാണ് നടന്നിട്ടുള്ളത്. സര്‍വകലാശാല പേരുകള്‍ നേരിട്ട് ചാന്‍സലറുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നും വി സി വ്യക്തമാക്കി.

Update: 2020-08-15 05:47 GMT

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പഠനവകുപ്പായ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ്. എഴുത്തുകാരി കെ ആര്‍ മീരയെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല നിയമവും സ്റ്റാറ്റിയൂട്ടും അനുസരിച്ച് നിയമപരമായി, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ബോര്‍ഡിലേക്ക് കെ ആര്‍ മീര നോമിനേറ്റ് ചെയ്യപ്പെട്ടത്.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകരെക്കൂടാതെ എക്സ്റ്റേണല്‍ എക്സ്പെര്‍ട്ട് എന്ന നിലയില്‍ ഡോ. പി പി രവീന്ദ്രന്‍, ഡോ. ഉമര്‍ തറമേല്‍, സി ഗോപന്‍ എന്നിവരും അംഗങ്ങളാണ്. 'രാഷ്ട്രീയ നോമിനിയാണ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു' എന്നതടക്കമുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസ്സംഘടനയും നിയമപരമായാണ് നടന്നിട്ടുള്ളത്. സര്‍വകലാശാല പേരുകള്‍ നേരിട്ട് ചാന്‍സലറുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നും വി സി വ്യക്തമാക്കി.

നിയമനം വിവാദമായതോടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍നിന്ന് കെ ആര്‍ മീര രാജിവച്ചിരുന്നു. സര്‍വകലാശാലയുടെ പഠനവകുപ്പായ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസ്സംഘടിപ്പിച്ചത് എംജി സര്‍വകലാശാല നിയമം 1985 ലെ അനുഛേദം 28(1എ) പ്രകാരമാണ്. 11 അംഗ ബോര്‍ഡാണ് പുനസ്സംഘടിപ്പിച്ചത്. പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നത് പൂര്‍ണമായും അക്കാദമിക സമിതിയാണ്. ചാപ്റ്റര്‍ 12 ലെ അനുഛേദം 5 പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാകാനുള്ള യോഗ്യതയില്‍ ബോര്‍ഡിന്റെ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക അറിവുള്ളവരെ നിയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

എംജി സര്‍വകലാശാല നിയമം 1985 ലെ അനുഛേദം 28(1എ) (സി) അനുസരിച്ച് സ്റ്റാറ്റിയൂട്ടില്‍ സൂചിപ്പിച്ചിട്ടുള്ള പ്രകാരം അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിന് ചാന്‍സിലര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് മലയാള സാഹിത്യത്തിലെ പ്രമുഖ സാഹിത്യകാരിയായ കെ ആര്‍ മീരയെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് നിയോഗിക്കുന്നതിന് സര്‍വകലാശാല നിര്‍ദേശിച്ചതും ചാന്‍സിലര്‍ നോമിനേറ്റ് ചെയ്തതും.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായതും മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ അക്കാദമിക മികവിന് കരുത്തേകാന്‍ സാന്നിധ്യം പ്രയോജനപ്പെടുമെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെ ആര്‍ മീരയുടെ പേര് ചാന്‍സിലറുടെ പരിഗണനയ്ക്ക് സര്‍വകലാശാല സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചാന്‍സിലറാണ് നോമിനേറ്റ് ചെയ്തത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസ്സംഘടനയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലുണ്ടാവാറില്ല. സ്റ്റാറ്റിയൂട്ടും സര്‍വകലാശാല നിയമവും അനുസരിച്ച് യോഗ്യതമാത്രം പരിഗണിച്ചാണ് ബോര്‍ഡിലേക്ക് ചാന്‍സലര്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യുക. മലയാളം, ഇംഗ്ലീഷ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായിരിക്കാന്‍ മലയാള സാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ ആര്‍ മീര യോഗ്യയാണെന്നും വി സി കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News