'കെ റെയില്‍ അനുകൂലികളെ, എന്റെ ഭൂമി വാങ്ങി മൂന്നിരട്ടി ലാഭം നേടൂ'; വീട് വില്‍ക്കാനിട്ട് മാടപ്പള്ളി സ്വദേശി
ഇത്തരം വാദങ്ങൾ പ്രചരിക്കവെ കെ റെയിൽ പാത വരുന്ന സ്ഥലത്തെ സ്വന്തം വീടും പറമ്പും വിൽക്കാൻ വെച്ചിരിക്കുകയാണ് മാടപ്പള്ളി സ്വദേശി മനോജ് വർക്കി.
കോട്ടയം: കെ റെയില്‍ പാത വരുന്ന സ്ഥലത്തെ സ്വന്തം വീട് വില്‍ക്കാന്‍ വെച്ച് മാടപ്പള്ളി സ്വദേശി മനോജ് വര്‍ക്കി. 60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നാണ് മാടപ്പള്ളി സ്വദേശിയുടെ പ്രഖ്യാപനം. കെ റെയിലിനായി ഏറ്റെടുക്കുമ്പോള്‍ മൂന്നിരട്ടി വില ലഭിക്കുന്നതിനാല്‍ ആ ലാഭം വാങ്ങുന്നവര്‍ക്ക് ലഭിക്കുമെന്നും മനോജ് വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ റെയിലിനെ അനുകൂലിക്കുന്നവര്‍ ഈ വീടും സ്ഥലവും വാങ്ങാന്‍ മുന്നോട്ട് വരണമെന്ന് മനോജ് വര്‍ക്കി ആവശ്യപ്പെട്ടു.
കെ റെയില്‍ പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഇരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നും മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്കിടെയാണ് ഭൂമി നഷ്ടപ്പെടുന്നയാളുടെ പ്രതികരണം. 'കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥലം നല്‍കുന്നത് ഭാഗ്യമാണ്, വന്‍ തുക നഷ്ടപരിഹാരവും വേറെ വീടും ലഭിക്കുമ്പോള്‍ സമരം ചെയ്യുന്നത് എന്തിന്? കല്ലിടാനെത്തുമ്പോള്‍ സന്തോഷിക്കുകയാണ് വേണ്ടത്, എന്റെ ഭൂമി കെ റെയിലിന് ഏറ്റെടുത്തിരുന്നെങ്കില്‍..' എന്നിങ്ങനെ പോകുന്നു കെ റെയില്‍ അനുകൂലികളുടെ സാമൂഹിക മാധ്യമ പ്രതികരണങ്ങള്‍.
ഇത്തരം വാദങ്ങൾ പ്രചരിക്കവെ കെ റെയിൽ പാത വരുന്ന സ്ഥലത്തെ സ്വന്തം വീടും പറമ്പും വിൽക്കാൻ വെച്ചിരിക്കുകയാണ് മാടപ്പള്ളി സ്വദേശി മനോജ് വർക്കി. 60 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വിൽക്കുകയാണെന്നും സ്ഥലം സർക്കാർ കെ റെയിലിനായി ഏറ്റെടുക്കുമ്പോൾ മൂന്നിരട്ടി വില ലഭിക്കുന്നതിനാൽ ആ ലാഭം വാങ്ങുന്നവർക്ക് ലഭിക്കുമെന്നും മനോജ് വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കെ റെയിലിനെ അനുകൂലിക്കുന്നവർ ഈ വീടും സ്ഥലവും വാങ്ങാൻ മുന്നോട്ട് വരണമെന്നാണ് പോസ്റ്റിൽ പറയുന്നത്.
'ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. കെ റെയിൽ പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ സർക്കാർ 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപാസിറ്റി ഇല്ലാത്തതുകൊണ്ട് ഞാൻ എന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. കെ റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത് വ്യക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് ഷെയർ ചെയ്യുക,' മനോജ് വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.