കെ എസ് ഷാന്റെ കൊലപാതകം: വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു- എസ്ഡിപിഐ

Update: 2021-12-19 11:32 GMT

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തില്‍ വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഇവിടെ ഗൂഢാലോചന നടന്നു. കൊലപാതകത്തിന് തലേദിവസം തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നു. ഇതെക്കുറിച്ച് പോലിസ് അന്വേഷിക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ്സിന്റെ തീവ്രവാദി സംഘമാണ് സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ദാരുണമായി കൊലപ്പെടുത്തിയത്. ജില്ലയില്‍ തങ്ങി കൃത്യമായ പ്ലാനോട് കൂടിയാണ് കൊലപാതകം നടപ്പാക്കിയത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.

രാഷ്ട്രീയ അക്രമങ്ങളില്ലാത്തതും സംഘര്‍ഷസാധ്യത ഇവിടെ നിലവിലില്ല. അവിടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ അരുംകൊല ചെയ്തത്. അരുംകൊല ചെയ്തത്. ആര്‍എസ്എസ്സിനെ സംബന്ധിച്ച് ഇതൊരു യാദൃശ്ചികമായ സംഭവമല്ല. പ്രത്യയശാസ്ത്രപരമായിത്തന്നെ വംശഹത്യയും പരമത വിരോധത്തിലും അധിഷ്ടിതമായ ഒരു പ്രവര്‍ത്തനരീതിയാണ് ആര്‍എസ്എസ്സിനുള്ളത്. രാജ്യവ്യാപകമായി കൊലപാതകം, കലാപം സൃഷ്ടിച്ച് രാഷ്ട്രീയഭാവി ഒരുക്കുകയെന്ന ഹിഡന്‍ അജണ്ടയാണ് ആര്‍എസ്എസ് രൂപീകരണകാലം മുതല്‍ നടപ്പാക്കിവരുന്നത്. കേരളവും ഇതില്‍നിന്ന് വിഭിന്നമല്ല. ഒരുപാട് കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

യാതൊരു ആക്ഷേപങ്ങള്‍ക്കും ഇടനല്‍കാത്ത ഒരു പൊതുപ്രവര്‍ത്തകനെയാണ് കൊലചെയ്തിരിക്കുന്നത്. കുറച്ചുകാലങ്ങളായി കേരളത്തിന്റെ ആഭ്യന്തരവകുപ്പും ആര്‍എസ്എസ്സും പരസ്പര ധാരണയിലാണ് കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ആര്‍എസ്എസ്സുമായി ആഭ്യന്തര വകുപ്പിലെ ചിലര്‍ അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന് ഉത്തരവാദപ്പെട്ടവര്‍ ഉന്നയിക്കുന്ന ആക്ഷേപം ഗൗരവത്തോടെ കാണണം. രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷവും ആര്‍എസ്എസ് ശാഖകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്.

ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗകര്യവും ഒരുക്കിയിരിക്കുന്നുവെന്നത് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. ഇടുതുപക്ഷത്തിനെതിരായ സംഘര്‍ഷം ആര്‍എസ്എസ് കുറച്ചെന്ന് തില്ലങ്കേരി പറഞ്ഞതും ഈ ധാരണയ്ക്ക് പുറത്താണ്. മുഖ്യമന്ത്രിക്ക് സംഭവിച്ച അപയത്തിന്റെ ഭാരം കേരളീയ ജനത ഏറ്റെടുക്കേണ്ടിവരികയാണ്. ആര്‍എസ്എസ്സിന് സൗകര്യമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. സ്വതന്ത്രമായി പൊതുപ്രവര്‍ത്തനം നടത്താന്‍ അവസരം നല്‍കണം. ആര്‍എസ്എസ്സിന്റെ ചൊല്‍പ്പടിക്ക് കേരളം നില്‍ക്കണമെന്ന വ്യാമോഹം ജനാധിപത്യബോധമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News