പോപുലര്‍ ഫ്രണ്ട് നേതാവിന്റെ കൊലപാതകം; പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പാലക്കാട് എസ്പി

പാലക്കാട് ജില്ലയിലെ എല്ലാ പോലിസ് ഓഫിസര്‍മാരും അതീവ ജാഗ്രതയിലാണെന്നും രാത്രിയിലെ പ്രതികാര നടപടി തടയാന്‍ പ്രത്യേക പോലിസ് ബന്ധവസ്സ് ഒരുക്കുമെന്നും എസ്പി പറഞ്ഞു.

Update: 2022-04-15 15:15 GMT

പാലക്കാട്: പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റേത് രാഷ്ട്രീയകൊലയാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എസ്പി ആര്‍ വിശ്വനാഥ്. കൊലപാതകികള്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച കാര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് തിരിച്ചിറഞ്ഞിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

പാലക്കാട് ജില്ലയിലെ എല്ലാ പോലിസ് ഓഫിസര്‍മാരും അതീവ ജാഗ്രതയിലാണെന്നും രാത്രിയിലെ പ്രതികാര നടപടി തടയാന്‍ പ്രത്യേക പോലിസ് ബന്ധവസ്സ് ഒരുക്കുമെന്നും എസ്പി പറഞ്ഞു. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട സുബൈറിന് ആര്‍എസ്എസ് ഭീഷണിയുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും എസ്പി ആര്‍ വിശ്വനാഥ് വ്യക്തമാക്കി. സുബൈറിന്റെ കൊലപാതക പശ്ചാത്തലത്തില്‍ സംസ്ഥാന പോലിസിന് ഡിജിപിയുടെ കനത്ത ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അക്രമ സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പോലിസ് ശ്രദ്ധിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.

രണ്ടു കാറുകളിലായെത്തിയാണ് അക്രമികള്‍ കൃത്യം നടത്തിയതെന്ന് പോലിസ് വ്യക്തമാക്കി. അക്രമി സംഘത്തിലെ രണ്ടു പേരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് സുബൈറിന്റെ പിതാവ് അബൂബക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതക ശേഷം പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്.

അവിടെ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ ഒത്താശയോടെ ഒളിവില്‍ കഴിയുകയാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാലക്കാട് എലപുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈര്‍ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ശരീരത്തില്‍ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായും പോലിസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ സുബൈര്‍ പ്രവര്‍ത്തിച്ചിരുന്നു. അതെ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.

Tags:    

Similar News