പ്രചാരണം തെറ്റ്; പരിശോധന നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: കെ സുധാകരന്‍

പുനസ്സംഘടന നടക്കുന്നതിനാല്‍ പലനേതാക്കളും വന്ന് കാണാറുണ്ട്. പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകും.

Update: 2022-02-25 19:05 GMT

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ താന്‍ ആളെ വിട്ടെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പരിശോധന നടത്താന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്നും സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനസ്സംഘടന നടക്കുന്നതിനാല്‍ പലനേതാക്കളും വന്ന് കാണാറുണ്ട്. പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകും. ഇത്തരം ഒരു വിവാദം ഉണ്ടായപ്പോള്‍ വിഡി സതീശന്‍ തന്നെ വിളിക്കുകയും ഞങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തതിട്ടുണ്ട്. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവര്‍ത്തനവും ഭൂഷണമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും ഉറപ്പുനല്‍കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആക്ഷേപം ഉണ്ടെങ്കില്‍ അത് നേതൃത്വത്തെ ധരിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തികഞ്ഞ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതില്‍ വിള്ളലുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അത് വിലപ്പോകില്ലെന്നും സുധാകരന്‍ പറഞ്ഞു.

Similar News