ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയത് വിവാദം ഭയന്ന്: ദേവസ്വം മന്ത്രി
ശബരിമലയിൽ ഭക്തർക്ക് വിരുദ്ധമായി സർക്കാർ പ്രവർത്തിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരര് പറഞ്ഞു.
തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയത് വിവാദം ഭയന്നിട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആളുകൾ തടിച്ചുകൂടിയാൽ അപകടം ഉണ്ടാകുമെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറന്നിരുന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി.
അങ്ങനെ ഒരു തീരുമാനമെടുത്താൽ ഉണ്ടാകുമായിരുന്ന പേക്കൂത്തുകൾക്ക് അവസരം ഒരുക്കാൻ സർക്കാരിന് താൽപര്യമില്ല. ആരാധനാലയങ്ങൾ തുറക്കണമെന്ന് നാഴികയ്ക്ക് നാൽപത് വട്ടം വിളിച്ചുപറഞ്ഞവർ പ്ലെയിറ്റ് മാറ്റിയ കാഴ്ചയാണ് കണ്ടതെന്നും കടകംപള്ളി പറഞ്ഞു. ക്ഷേത്രം തുറക്കരുതെന്ന് ആവശ്യപ്പെട്ടവർക്ക് ഇപ്പോൾ മോഹഭംഗം ഉണ്ടായിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയിൽ ഭക്തർക്ക് വിരുദ്ധമായി സർക്കാർ പ്രവർത്തിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരര് പറഞ്ഞു. തന്നോട് ആലോചിച്ചിട്ടാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചതെന്നും ഇക്കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും മഹേഷ് മോഹനരര് പറഞ്ഞു. തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും നടത്തിയ ചർച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രം തുറക്കാനുള്ള തീരുമാനം ദേവസ്വം ബോർഡ് തന്നോട് ചോദിക്കാതെ പോയി ഏറ്റെടുത്തതല്ല. ഉത്സവം ജൂണിൽ നടത്താമെന്ന് ദേവസ്വം ബോർഡിന് താൻ കത്തുനൽകിയിരുന്നു. ഇക്കാര്യത്തിൽ ബോർഡ് ഏകപക്ഷീയമായല്ല തീരുമാനമെടുത്തതെന്നും തന്ത്രി പറഞ്ഞു. സർക്കാർ ഭക്തർക്ക് എതിരായി ഒന്നും പ്രവർത്തിച്ചിട്ടില്ല. തുറക്കാമെന്ന് പറഞ്ഞപ്പോൾ തുറക്കുകയും തുറക്കേണ്ടെന്ന് പറഞ്ഞപ്പോൾ സ്വാഗതം ചെയ്യുകയുമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.