കൊച്ചി: കല്ലട ബസില്‍ യുവാക്കള്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസില്‍ അറസ്റ്റിലായ ഏഴ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. കല്ലടയുടെ വൈറ്റിലയിലെ ഓഫിസിലും സംഭവം നടന്ന വൈറ്റില ജങ്ഷനിലുമാണ് തെളിവെടുപ്പ് നടത്തിയത്. യുവാക്കളെ മര്‍ദിച്ച സ്ഥലത്തും ബസിനുള്ളിലും പ്രതികളെ എത്തിച്ചു. ഇന്നലെയാണ് റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ചൊവ്വാഴ്ച്ച കസ്റ്റഡി കാലാവധി അവസാനിക്കും. ഇതിനിടയില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലുമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തയാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വേഗത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കല്ലട ബസിലെ ജീവനക്കാരില്‍ നിന്ന് മോശം അനുഭവമുണ്ടായതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നും പുറത്തുനിന്നും നിരവധി പരാതികളാണ് ദിനംപ്രതി ഉയര്‍ന്നുവരുന്നത്. ലോക്കല്‍ പോലിസില്‍ പരാതി നല്‍കിയാല്‍ കേസുകള്‍ ഏകോപിപ്പിച്ച് അന്വേഷണം നടത്തുമെന്ന് പോലിസ് വ്യക്തമാക്കി. നിലവില്‍ ഏഴ് പ്രതികളും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്.
പരാതികളിലെല്ലാം അന്വേഷണം കാര്യക്ഷമമാകണമെങ്കില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകണം. ബസ് ഉടമ സുരേഷിനെ കേസ് അന്വേഷിക്കുന്ന തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വിശദീകരണം തൃപ്തികരമാണോയെന്ന് ബോധ്യപെടാന്‍ അറസ്റ്റിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് സംഭവത്തില്‍ പങ്കുള്ളതായി പോലിസ് സംശയിക്കുന്നു. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന് മനസിലായി. മര്‍ദനവിവരം സുരേഷ് കല്ലട നേരത്തെ അറിഞ്ഞിരുന്നതായും പോലിസ് സംശയിക്കുന്നു. ചൊവ്വാഴ്ച്ച കസ്റ്റഡി കാലാവധി പൂര്‍ത്തിയാവുന്ന അവസരത്തില്‍ അതിന് മുമ്പ് തന്നെ നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.