പാലത്തായി പോക്‌സോ കേസ്: കൂട്ടുപ്രതികളെയും അറസ്റ്റുചെയ്യണമെന്ന് കാംപസ് ഫ്രണ്ട്
പോക്സോ കേസിലെ ഇരയുടെ മൊഴി അനുസരിച്ച് ഒന്നിലേറെ ആള്‍ക്കാര്‍ പ്രതികളായിട്ടും അറസ്റ്റുചെയ്യാത്ത ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
കണ്ണൂര്‍: പാലത്തായി പോക്‌സോ കേസിലെ കൂട്ടുപ്രതികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പോക്സോ കേസിലെ ഇരയുടെ മൊഴി അനുസരിച്ച് ഒന്നിലേറെ ആള്‍ക്കാര്‍ പ്രതികളായിട്ടും അറസ്റ്റുചെയ്യാത്ത ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
അറസ്റ്റിലായ പ്രതി ബിജെപി തൃപങ്ങോട്ട് പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനിലേക്ക് മാത്രം കേസൊതുക്കി, കൂട്ടുപ്രതികളെ സംരക്ഷിക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്നും, ഇനിയും ആര്‍എസ്എസ്സിന് വിടുവേല ചെയ്യാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ തീക്ഷ്ണമായ സമരങ്ങളുമായി മുന്നോട്ടുപോവാനാണ് കാംപസ് ഫ്രണ്ടിന്റെ തീരുമാനമെന്നും സമരക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം പി എം മുഹമ്മദ് റിഫ പറഞ്ഞു. ജില്ലാ സെക്രട്ടറി സി കെ ഉനൈസ്, വൈസ് പ്രസിഡന്റ് എം കെ ഫൈറൂസ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഫാന്‍, അബ്ബാസ് എടക്കാട് എന്നിവര്‍ പങ്കെടുത്തു.