വക്കം മൗലവിയെ പോലുള്ളവരെ നവോത്ഥാന നായകരാക്കുന്നത് ചരിത്രത്തോടുള്ള അനീതി: കാന്തപുരം

മുസ്‌ലിംകളിലെ മഹാഭൂരിപക്ഷവും തിരസ്‌കരിച്ച ചില വ്യക്തികളെയും സന്ദര്‍ഭങ്ങളെയും നവോത്ഥാനമായി അവതരിപ്പിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. അവരുടെ നവോത്ഥാന ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിച്ചില്ല എന്നതിന് തെളിവാണ് അവരുടെ പിന്നില്‍ അണിനിരന്ന ചെറിയൊരു വിഭാഗം ജനത. കാന്തപുരം പറഞ്ഞു.

Update: 2019-03-21 06:48 GMT

കോഴിക്കോട്: മുസ്‌ലിംകളില്‍ ചെറിയൊരു വിഭാഗത്തെ പ്രതിനിധാനം ചെയ്ത വക്കം മൗലവിയേയും മറ്റും നവോത്ഥാനത്തിന്റെ മുന്‍നിരക്കാരായി കാണുന്നവര്‍ ചരിത്രത്തോട് നീതി പുലര്‍ത്താത്തവരാണെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍. ഇസ്‌ലാം, വിശ്വാസം, ദര്‍ശനം എന്ന പ്രമേയത്തില്‍ എസ്‌വൈഎസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഭാഷണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു കാന്തപുരം.

കേരള മുസ്‌ലിംകളിലെ മഹാഭൂരിപക്ഷവും തിരസ്‌കരിച്ച ചില വ്യക്തികളെയും സന്ദര്‍ഭങ്ങളെയും നവോത്ഥാനമായി അവതരിപ്പിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. ചരിത്രവുംസമൂഹവും തമസ്‌കരിച്ചവരല്ല യഥാര്‍ഥ നവോഥാന നായകര്‍. അവരുടെ നവോത്ഥാന ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിച്ചില്ല എന്നതിന് തെളിവാണ് അവരുടെ പിന്നില്‍ അണിനിരന്ന ചെറിയൊരു വിഭാഗം ജനത. ജനങ്ങളില്‍ സ്‌നേഹം പഠിപ്പിക്കുന്നതിനു പകരം വിഭാഗീയതയും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിച്ചവരാണ് അവര്‍.

കേരളത്തിലെ യഥാര്‍ത്ഥ നവോത്ഥാന നായകര്‍ മഖ്ദൂമുമാരും വെളിയങ്കോട് ഉമര്‍ ഖാദിയും മമ്പുറം തങ്ങളുമടക്കമുള്ള നേതാക്കളുമാണ്.അവര്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും ഭരണകൂടങ്ങള്‍ക്ക് മുന്‍പില്‍ പ്രതിരോധവും തീര്‍ക്കാനായത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും മറ്റും രാജ്യത്തോട് ചേര്‍ന്നു നിന്ന് മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷത്തിന് വിവേകം നല്‍കിയും അവരുടെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞവരാണ് അവരെന്ന് കാന്തപുരം പറഞ്ഞു.

Tags:    

Similar News