കരിപ്പൂര്‍ വിമാനത്താവളം: സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും- മന്ത്രി റിയാസ്

വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Update: 2022-01-27 13:09 GMT

കോഴിക്കോട്: കോഴിക്കോട് വിമാനത്താവള വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിമാനത്താവളത്തിന്റെ വികസനം സംബന്ധിച്ചു 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ മുഖ്യമന്ത്രി മൂന്നു മന്ത്രിമാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുമതല നല്‍കി. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത് വികസനം സംബന്ധിച്ച് യോഗങ്ങള്‍ ചേര്‍ന്നു.

വിമാനത്താവളത്തിലേക്കുള്ള റോഡില്‍ രാമനാട്ടുകര ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ പൊതുമരാമത്തു വകുപ്പ് സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രൂപരേഖ തയ്യാറാക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി 31.5 ലക്ഷം രൂപ അനുവദിക്കാനുള്ള നിര്‍ദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ ആണ്. രാമനാട്ടുകര വെങ്ങളം ബൈപാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനം ദേശീയപാത അതോറിറ്റിയുടെ കീഴില്‍ അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത് സംബന്ധിച്ചു മന്ത്രി എന്ന നിലയില്‍ തുടര്‍ച്ചയായ പരിശോധന നടത്തിവരുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിലയയിലും കൂടെയുണ്ടാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് അധ്യക്ഷനായി. എംപിമാരായ എളമരം കരീം, എം കെ രാഘവന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി അബ്ദുല്‍ ഹമീദ്, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്, ഗ്രെയ്റ്റര്‍ മലബാര്‍ ഇനീഷിയേറ്റീവ് ഫൌണ്ടേഷന്‍ പ്രസിഡന്റ് ടി സി അഹമ്മദ്, കെ ഇ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് റാഫി പി ദേവസി സ്വാഗതം പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഗ്രെയ്റ്റര്‍ മലബാര്‍ ഇനീഷിയേറ്റീവ് ഫൌണ്ടേഷന്‍, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍, ദി ബിസിനസ് ക്ലബ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Tags:    

Similar News