കരിപ്പൂര്‍ വിമാനാപകടം: പെരിന്തല്‍മണ്ണയിലെ 19 പേര്‍ ആശുപത്രി വിട്ടു; മൂന്നുപേര്‍ ചികില്‍സയില്‍
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍ജറി ഉള്‍പ്പെടെയുള്ള ചികില്‍സകളാണ് നല്‍കിയത്.
പെരിന്തല്‍മണ്ണ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 22ല്‍ 19 പേര്‍ ആശുപത്രി വിട്ടു. കിംസ് അല്‍ശിഫ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ച് കുട്ടികളുള്‍പ്പെടെ 17 പേരാണ് ചികില്‍സയ്ക്കുശേഷം സ്വവസതിയിലേക്ക് മടങ്ങിയത്. മൗലാന ആശുപത്രിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവാലി സ്വദേശിയായ ശ്രീവിഹാറില്‍ അരവിന്ദാക്ഷന്‍ (68) ചികില്‍സയിലിരിക്കെ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.
പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരും മൗലാന ആശുപത്രിയിലുള്ള രണ്ടുപേരും ചികില്‍സയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍ജറി ഉള്‍പ്പെടെയുള്ള ചികില്‍സകളാണ് നല്‍കിയത്.
മഞ്ചേരി സ്വദേശി പച്ചീരി വീട്ടില്‍ ഫാത്തിമ റഹ്മ (24), കുലുക്കല്ലൂര്‍ കുളിയില്‍ മുര്‍ഷിദ ഷെറിന്‍ (21), ചന്തക്കുന്നുകളത്തും പടിക്കല്‍ അജ്മല്‍ റോഷന്‍ (27), തിരുവാലി സ്വദേശിനിയായ ശ്രീവിഹാറില്‍ സതി (50), കോഴിക്കോട് കരുവാന്‍കുഴി പടിപ്പൊറ്റച്ചാലില്‍ ഫാത്തിമ സന (13), മലപ്പുറം ചെട്ടിപ്പടി നടമ്മല്‍ പുതിയകത്ത് അബ്ദുറഹ്മാന്‍ കുട്ടി (47), തലശ്ശേരിപ്പാടം മുനീറ (42) മകന്‍ മുഹമ്മദ് സുഹൈല്‍ (12) എടപ്പാള്‍ തടവില്‍ വളപ്പില്‍ നദീറ (24), അരിയൂര്‍ ഒസര്‍ വീട്ടില്‍ മുഹമ്മദ് ശരീഫ് (40), ഇരുമ്പുഴി കൂത്തറാടന്‍ റിഷാന (25), കൂത്തറാടന്‍ കെന്‍വാള്‍ ആയിഷ (രണ്ട്), മൊറയൂര്‍ അത്തിപ്പറമ്പില്‍ ജസീല (30), എടവണ്ണ വടക്കന്‍ വീട്ടില്‍ ജസ (അഞ്ച്), മുഹമ്മദ് ഹസ്സന്‍ (ഒന്നര), ചന്തക്കുന്ന് ഷാദിയ നവാല്‍ (27) ചന്തക്കുന്ന് ചിട്ടങ്ങാടന്‍ ആദം ഫിര്‍ദൗസ് (നാല്) എന്നിവരാണ് ആശുപത്രി വിട്ടത്.
പരിക്കേറ്റ് മൗലാന ആശുപത്രിയില്‍ ചികില്‍സയിലിരുന്ന പത്തപ്പെരിയം സ്വദേശി വടക്കന്‍ വീട്ടില്‍ സമീറിന്റെ മകള്‍ മിന്‍ഹ (10), നീലഗിരി പാടന്‍തറൈ സ്വദേശി കണ്ണന്‍തൊടി വീട്ടില്‍ അബ്ദുല്‍സ കബീര്‍ (40) എന്നിവരും വീട്ടിലേക്ക് മടങ്ങി. എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നുപേര്‍ ഇനി ചികില്‍സയിലുണ്ട്.