കരിപ്പൂര്‍ വിമാനദുരന്തം: കാണാതായ യാത്രക്കാരനെ കണ്ടെത്തി; മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍
ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നില്ല.
കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്തിനുശേഷം കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ച യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമാടത്ത് ഹംസയെയാണ് കാണാതായിരുന്നത്. ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നില്ല. അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അതുകൊണ്ടുതന്നെ ആംബുലന്‍സില്‍ കൊണ്ടുവന്നയാള്‍ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്.
സിറാജ് എന്നാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം മിംസിലില്ലെന്ന് കരുതി ബന്ധുക്കള്‍ മറ്റ് ആശുപത്രികളിലേക്ക് പോയി. രാത്രി മുഴുവന്‍ ഇദ്ദേഹത്തെ തിരഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ബന്ധുക്കള്‍ കയറിയിറങ്ങുകയായിരുന്നു. രാവിലെയായിട്ടും അദ്ദേഹത്തെ കാണാതായപ്പോള്‍ ജില്ലാ കലക്ടറെയും മന്ത്രിയെയും ബന്ധുക്കള്‍ വിവരമറിയിച്ചു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളും പട്ടിക വീണ്ടും പരിശോധിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
ബന്ധുക്കള്‍ വെന്റിലേറ്ററില്‍ കയറി ഹംസയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്രാ പട്ടികയിലും ഹംസയുടെ പേരുണ്ടായിരുന്നു. എന്നാല്‍, അപകടത്തിനുശേഷം ആശുപത്രികള്‍ പുറത്തിറക്കിയ പട്ടികയില്‍ ഹംസയുടെ പേരുള്‍പ്പെടാതിരുന്നതോടെ ബന്ധുക്കള്‍ ആശങ്കയിലാവുകയായിരുന്നു. ഹംസയെ കാണാനില്ലെന്നത് സംബന്ധിച്ച് ബന്ധുക്കളുടെയും കുറ്റിപ്പുറത്തെ ആംബുലന്‍സ് ഡ്രൈവര്‍ റഷീദ് കുറ്റിപ്പുറത്തിന്റെയും നമ്പര്‍ സഹിതം തേജസ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.