മലബാറിന്റെ വറ്റാത്ത നന്‍മ; ദുരന്തമുഖത്തും രക്തദാനത്തിന്റെ സന്ദേശം നല്‍കി നിരവധിപേര്‍
സമൂഹമാധ്യമങ്ങളിലും വിവിധ ഗ്രൂപ്പുകളിലും രക്തം ആവശ്യമാണെന്ന സന്ദേശം പ്രചരിപ്പിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ രക്തം നല്‍കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെത്തി.
കോഴിക്കോട്: ദുരന്തമുഖത്ത് പകച്ചു നില്‍ക്കാതെ ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കാണാന്‍ സാധിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ അടിയന്തരമായി രക്തം ആവശ്യമായി വന്നു. സമൂഹമാധ്യമങ്ങളിലും വിവിധ ഗ്രൂപ്പുകളിലും രക്തം ആവശ്യമാണെന്ന സന്ദേശം പ്രചരിപ്പിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ രക്തം നല്‍കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെത്തി. വിവിധ ബ്ലഡ് ഡോണേര്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലും അല്ലാതെ നേരിട്ടും രക്തം നല്‍കാനായി ജനങ്ങള്‍ എത്തിയിരുന്നു.
നിമിഷനേരം കൊണ്ട് തന്നെ ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞു. കൊവിഡ് ഭീതിയിലും രാത്രി ഏറെ വൈകിയും ജനങ്ങള്‍ ബ്ലഡ് ബാങ്കിന് മുമ്പില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചാണ് രക്തദാനം നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ രക്തം നല്‍കാന്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കിയിരുന്നു. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.