മംഗലാപുരം വിമാനദുരന്തത്തിന് ശേഷം കേരളത്തെ നടുക്കിയ വിമാനാപകടം

നേരത്തെ നെടുമ്പാശ്ശേരിയിലും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

Update: 2020-08-08 08:57 GMT

പി സി അബ്ദുല്ല

കോഴിക്കോട്: 52 മലയാളികള്‍ വെന്തുമരിച്ച മംഗലാപുരം വിമാനദുരത്തിന് പതിറ്റാണ്ടു പൂര്‍ത്തിയായ വേളയിലാണ് കരിപ്പൂര്‍ ദുരന്തം നെഞ്ചുപിളര്‍ത്തിയെത്തിയത്. ഒമ്പതുവര്‍ഷം മുമ്പ് നെടുമ്പാശ്ശേരിയിലും വിമാനം റണ്‍വേയ്ക്കു പുറത്ത് ലാന്റ് ചെയ്ത് ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വന്ന എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ വിമാനമാണ് 2010മെയ് 22ന് രാവിലെ 6.30 ന് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവെ തീപ്പിടിച്ചത്.

158 പേര്‍ മരിച്ചു. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി തീപ്പിടിക്കുകയായിരുന്നു. 8 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യയില്‍ നടന്ന മൂന്നാമത്തെ വലിയ വിമാന അപകടമായിരുന്നു മംഗലാപുരത്തുണ്ടായത്. 1996ലെ ചക്രി ദര്‍ദി വിമാനപകടത്തില്‍ 349 പേര്‍ മരിച്ചതും, 1978-ല്‍ 213 പേര്‍ മരിച്ച എയര്‍ ഇന്ത്യ വിമാനം 855-ഉം ആണ് സംഭവിച്ച മറ്റു രണ്ടു വലിയ ദുരന്തങ്ങള്‍

പട്‌നയില്‍ 2000 ജൂലൈയിലുണ്ടായ വിമാനപകടത്തിനുശേഷമുണ്ടായ വലിയ ആകാശ ദുരന്തങ്ങളിലൊന്നാണ് മംഗലാപുരത്ത് നടന്നത്. ബോയിങ്ങ് 737-800/900 ഉള്‍പ്പെട്ട അഞ്ചാമത്തെ വലിയ ദുരന്തവും, മംഗലാപുരത്തെ വിമാനത്താവളത്തില്‍ റണ്‍വേ തെറ്റിയതു കൊണ്ടുണ്ടായ രാജ്യത്തെ രണ്ടാമത്തെ അപകടവുമായിരുന്നു. മംഗലാപുരത്ത് ദുരന്തത്തിന് ഇരയായ വിമാനം രണ്ടരവര്‍ഷം മാത്രം പഴക്കമുള്ളതായിരുന്നു. പൈലറ്റുമാര്‍ പരിചയസമ്പന്നരുമായിരുന്നു. രാവിലെ ആറരയ്ക്ക് മംഗലാപുരം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വച്ച് തീപ്പിടിച്ചു റണ്‍വേയും കഴിഞ്ഞു താഴെ കൊക്കയിലേക്ക് വീഴുകയായിരുന്നു.

മംഗലാപുരം അപകടത്തില്‍ മരിച്ച 52 മലയാളികളില്‍ ഏറെയും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരായിരുന്നു. കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെയും മറ്റും നേരത്തെയും ചെറിയ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2019 ജൂണ്‍ 21ന് ലാന്‍ഡിങ്ങിനിടെ ഇത്തിഹാദ് വിമാനം റണ്‍വേയില്‍ തെന്നി. റണ്‍വേ പരിധിക്കു പുറത്തുള്ള ലൈറ്റുകള്‍ക്കു മുകളിലൂടെ കയറിയിറങ്ങി വിമാനത്തിന്റെ ചക്രങ്ങള്‍ക്കു അതേവര്‍ഷം കേടുപറ്റി. ജൂലൈ ഒന്നിന് ദമ്മാമില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ പിന്‍ചിറകിന്റെ താഴ്ഭാഗം റണ്‍വേയില്‍ ഉരസി.

ഡിസംബര്‍ 24ന് ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം പൊട്ടി, വിമാനം തെന്നി. റണ്‍വേയില്‍ സുരക്ഷിതമായി നിര്‍ത്താനായതിനാല്‍ വന്‍ അപകടമൊഴിവായി. 2018 ജൂണില്‍ പറക്കാന്‍ റണ്‍വേയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറന്നു. ടേക് ഓഫിനു മുമ്പായതിനാല്‍ അപകടം ഒഴിവായി. 2017 ഏപ്രില്‍ 24 നുഎയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തകര്‍ന്ന് റണ്‍വേയില്‍ ചിതറി. നിയന്ത്രണംവിട്ടു തെന്നിമാറിയ വിമാനത്തിന്റെ ചക്രവും പൊട്ടിത്തെറിച്ചു.

172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ്, വിമാനം റണ്‍വേയിലേക്ക് എത്തിച്ചുനിര്‍ത്തി ദുരന്തം ഒഴിവായി. ആ വര്‍ഷം ആഗസ്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നി, പക്ഷേ അപായമുണ്ടായില്ല. 2011 ആഗസ്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയ്ക്ക് പുറത്ത് ലാന്‍ഡ് ചെയ്തുണ്ടായ അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. എമര്‍ജന്‍സി വാതിലൂടെ വിമാനത്തില്‍നിന്ന് ചാടുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. 

Tags:    

Similar News