സേലം ബസ് അപകടം: പരിക്കേറ്റ തൃശൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

അപകടത്തില്‍ പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

Update: 2020-05-11 07:01 GMT

സേലം: തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ ഷഹീറാണ് മരിച്ചത്. ബംഗളൂരുവില്‍ മലയാളികളുമായി നാട്ടിലേക്ക് വന്ന ബസ്സാണ് ഞായറാഴ്ച അപകടത്തില്‍പെട്ടത്. സേലത്തിനു സമീപം കരൂര്‍ ഹൈവേയില്‍വച്ച് ബസ്സും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 26 പേരാണ് ബസ്സിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ സേലം ദേശീയപാതയിലായിരുന്നു അപകടം.

ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാളികളുമായി ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്. ഇടറോഡിലേക്ക് വെട്ടിതിരിഞ്ഞ വാട്ടര്‍ടാങ്കര്‍ ലോറിയില്‍ പിന്നാലെ വന്ന ബസ് ഇടിച്ചുകയറി. നഴ്‌സിങ് വിദ്യാര്‍ഥികളും ഐടി ജീവനക്കാരും അടക്കം 24 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് വിദ്യാര്‍ഥികളുടെ തലയ്ക്ക് പരിക്കേറ്റു. കരൂരിലെ വിവിധ ആശുപത്രികളിലാണ് ആദ്യം ഇവരെ പ്രവേശിപ്പിച്ചത്. കുമളി ചെക്ക്‌പോസ്റ്റ് വഴി ഇന്നലെ അതിര്‍ത്തി കടക്കേണ്ടവരായിരുന്നു ഇവര്‍. ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയവരുമുണ്ട്. അപകടത്തില്‍പ്പെട്ട ബസ്സില്‍ യാത്രചെയ്തിരുന്നവര്‍ കോട്ടയം ജില്ലയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രത്യേകമായി ഏര്‍പ്പെടുത്തിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സില്‍ വന്ന ഇവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലിറങ്ങി. അപകടത്തില്‍ പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. വീടുകളില്‍ സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നതിന് സൗകര്യമില്ലാത്ത ആറുപേരെ കോട്ടയത്തെ നിരീക്ഷണകേന്ദ്രത്തില്‍ താമസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. 

Tags:    

Similar News