കവളപ്പാറ പുനരധിവാസം വൈകുന്നതില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി നോട്ടീസ്

മലപ്പുറം മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് പോത്തുകല്‍ പഞ്ചായത്തില്‍ ഒമ്പത് ഏക്കര്‍ ഏറ്റെടുത്ത് പുനരധിവാസത്തിനായി സമര്‍പ്പിച്ച ഭൂദാനം നവകേരള ഗ്രാമം പദ്ധതി എംഎല്‍എ ഇടപെട്ട് അട്ടിമറിച്ചെന്നും മണ്‍സൂണിനു മുമ്പ് പുനരധിവാസം ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ട് കവളപ്പാറ കോളനി കൂട്ടായ്മ കണ്‍വീനറും ദുരന്തത്തിന്റെ ഇരയുമായ എം എസ് ദിലീപാണ് ഹരജി സമര്‍പ്പിച്ചത്.

Update: 2020-07-22 13:23 GMT

മലപ്പുറം: ജില്ലയിലെ കവളപ്പാറയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം വൈകുന്നതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി പി വി അന്‍വര്‍ എംഎല്‍എയ്ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. ദുരന്തത്തിനിരയായവരെ രക്ഷിക്കുകയാണ് വേണ്ടതെന്നും പുനരധിവാസം വൈകിച്ച് ശിക്ഷിക്കരുതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് അനു ശിവരാമന്‍ നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. എംഎല്‍എയും സര്‍ക്കാരും ആഗസ്ത് ആറിനകം വിശദസത്യവാങ്മൂലം സമര്‍പ്പിക്കണം. കേസ് ആഗസ്ത് ആറിന് വീണ്ടും പരിഗണിക്കും.

മലപ്പുറം മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് പോത്തുകല്‍ പഞ്ചായത്തില്‍ ഒമ്പത് ഏക്കര്‍ ഏറ്റെടുത്ത് പുനരധിവാസത്തിനായി സമര്‍പ്പിച്ച ഭൂദാനം നവകേരള ഗ്രാമം പദ്ധതി എംഎല്‍എ ഇടപെട്ട് അട്ടിമറിച്ചെന്നും മണ്‍സൂണിനു മുമ്പ് പുനരധിവാസം ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ട് കവളപ്പാറ കോളനി കൂട്ടായ്മ കണ്‍വീനറും ദുരന്തത്തിന്റെ ഇരയുമായ എം എസ് ദിലീപാണ് ഹരജി സമര്‍പ്പിച്ചത്. ദുരന്തത്തില്‍ ദിലീപിന്റെ പിതൃസഹോദരന പുത്രന്‍ അനീഷും മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് എട്ടിനുണ്ടായ കവളപ്പാറ ഉരുള്‍പൊട്ടലില്‍ 59 പേരാണ് മരണപ്പെട്ടത്. 44 വീടുകള്‍ പൂര്‍ണമായും 40 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കവളപ്പാറയില്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 67 കുടുംബങ്ങളെ 10 സെന്റ് വീതം സ്ഥലത്ത് വീട് നിര്‍മിച്ച് പുനരധിവസിപ്പിക്കുന്നതിന് കലക്ടര്‍ സമര്‍പ്പിച്ച ഭൂദാനം നവകേരളഗ്രാമം പദ്ധതി സര്‍ക്കാര്‍ അംഗീകരിക്കുകയും സ്ഥലമേറ്റെടുക്കാന്‍ പണം അനുവദിക്കുകയും ചെയ്തിരുന്നു. കവളപ്പാറക്കാര്‍ ചൂണ്ടികാട്ടിയ പോത്തുകല്‍ പഞ്ചായത്തിലെ 9 ഏക്കര്‍സ്ഥലം സെന്റിന് 30,000 രൂപ വില നിശ്ചയിച്ച് ഏറ്റെടുക്കാനുള്ള നടപടിയും കലക്ടര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് സ്ഥലമേറ്റെടുക്കുന്നത് അറിഞ്ഞിട്ടില്ലെന്നും കുറഞ്ഞ വിലയ്ക്ക് സ്ഥലം ലഭ്യമാവുമെന്ന വാദവുമായി എംഎല്‍എ രംഗത്തുവന്നത്.

പ്രളയപുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വാങ്ങുന്നതിന് പി വി അന്‍വര്‍ എംഎല്‍എ നിര്‍ബന്ധിച്ചതായി ഗുരുതരമായ വെളിപ്പെടുത്തലുമായി കലക്ടര്‍ ജാഫര്‍ മാലിക് രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കുറഞ്ഞവിലക്ക് ഭൂമി ലഭ്യമാക്കാമെന്ന് എംഎല്‍എ പറഞ്ഞതോടെ കലക്ടര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കുകയായിരുന്നു. എന്നാല്‍, കലക്ടറുടെ നേതൃത്വത്തിലുള്ള പര്‍ച്ചെയ്സ് കമ്മിറ്റി നിശ്ചയിച്ചതില്‍ കുറഞ്ഞ വിലയ്ക്ക് അനുയോജ്യമായ ഭൂമി പോത്തുകല്‍ പഞ്ചായത്തില്‍ കണ്ടെത്താനായില്ല. ഇതോടെയാണ് കവളപ്പാറ കോളനി കൂട്ടായ്മ പുനരധിവാസം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനിടെ പുനരധിവാസ പദ്ധതിക്കുപകരം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഈ തുകയും ഇതുവരെയും ദുരന്തബാധിതര്‍ക്ക ലഭിച്ചിട്ടില്ല. ദുരന്തത്തിനിരയായവരെ ആറുമാസത്തിനകം പുനരധിവസിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും ദുരന്തം കഴിഞ്ഞ് ഒരുവര്‍ഷമാവുമ്പോഴും പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. കവളപ്പാറയില്‍ ദുരന്തത്തിനിരയായ 31 ആദിവാസി കുടുംബങ്ങളിലെ 100റിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വവാസ ക്യാംപിലാണ്. ദുരിതാശ്വാസ ക്യാംപില്‍ സൗകര്യമില്ലാത്തതിനാല്‍ അവശേഷിക്കുന്നവര്‍ വാടവീടുകളിലേക്ക് മാറുകയായിരുന്നു. 

Tags:    

Similar News