കവിയൂര്‍ കൂട്ടമരണക്കേസ്: സിബിഐയുടെ നാലാമത് അന്വേഷണ റിപോര്‍ട്ടും കോടതി തള്ളി

കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യചെയ്തതാണെന്ന അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടാണ് തള്ളിയത്. കേസില്‍ അന്വേഷണസംഘത്തോട് തുടരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.

Update: 2020-01-01 13:05 GMT

തിരുവനന്തപുരം: കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച നാലാമത്തെ അന്വേഷണ റിപോര്‍ട്ടും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി തള്ളി. കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യചെയ്തതാണെന്ന അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടാണ് തള്ളിയത്. കേസില്‍ അന്വേഷണസംഘത്തോട് തുടരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. കിളിരൂര്‍ പീഡനക്കേസിലെ പ്രതിയായ ലതാ നായരാണ് കവിയൂര്‍ കേസിലെ ഏകപ്രതി. കവിയൂര്‍ ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പൂജാരിയുടെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മരണം ആത്മഹത്യയെന്നാണ് സിബിഐയുടെ നാലാം റിപോര്‍ട്ടിലെയും കണ്ടെത്തല്‍. ഇതില്‍ മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത് ആരെന്ന് കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല.

കോടതിയില്‍ സിബിഐ സമര്‍പ്പിച്ച നാലാം റിപോര്‍ട്ടില്‍ പെണ്‍കുട്ടിയെ അച്ഛന്‍തന്നെ പീഡിപ്പിച്ചെന്ന മുന്റിപോര്‍ട്ടുകള്‍ അന്വേഷണസംഘംതന്നെ തിരുത്തിയിരുന്നു. അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, പെണ്‍കുട്ടി പലകുറി പീഡനത്തിനിരയായിട്ടുണ്ടെന്നും ഇതില്‍ വിഐപികളായ രാഷ്ട്രീയനേതാക്കളുടെയും മക്കളുടെയും പങ്ക് കണ്ടെത്താനായിട്ടില്ലെന്നും റിപോര്‍ട്ടിലുണ്ട്. തെളിവുകള്‍ കണ്ടെത്താനാവാതിരുന്നതുകൊണ്ടുതന്നെയാണ് കേസില്‍ തുടരന്വേഷണത്തിന് വീണ്ടും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2004 സപ്തംബര്‍ 28നാണ് കവിയൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വാടകവീട്ടില്‍ ഗൃഹനാഥനെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ബാക്കിയെല്ലാവരും കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലും. 

Tags:    

Similar News