കോഴിക്കോട് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്കും കൊവിഡ്

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണു രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശിയാണു വിദ്യാര്‍ഥി.

Update: 2020-07-21 13:05 GMT

കോഴിക്കോട്: സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണു രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശിയാണു വിദ്യാര്‍ഥി. തിരുവനന്തപുരത്തു കീം പ്രവേശനപ്പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്കും കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് കോഴിക്കോടും രോഗബാധ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദ്യാര്‍ഥിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിച്ചു. കുട്ടിയുടെ അച്ഛനും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇദ്ദേഹം വിദേശത്തുനിന്ന് മാര്‍ച്ചിലാണ് നാട്ടില്‍ മടങ്ങിയെത്തിയത്. തിരുവനന്തപുരത്ത് തൈക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷയെഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. കരകുളം സ്വദേശിയെ ഒറ്റയ്ക്കിരുത്തിയാണു പരീക്ഷ എഴുതിച്ചത്. രോഗലക്ഷങ്ങളുണ്ടായിരുന്നതിനാലാണു പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കിയത്.

എന്നാല്‍, പൊഴിയൂര്‍ സ്വദേശി സാധാരണ രീതിയില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പമാണു പരീക്ഷയെഴുതിയത്. ഈ വിദ്യാര്‍ഥിക്കൊപ്പം പരീക്ഷയെഴുതിയവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണു കീം എന്‍ട്രന്‍സ് പരീക്ഷ നടന്നത്. കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ അടക്കം ചില പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നില്‍ വലിയ രീതിയില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.  

Tags:    

Similar News