ജോസഫ് വിഭാഗത്തിന് 10 സീറ്റ്; സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത്
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തൃക്കരിപ്പൂറിന് പുറമേ ഇടുക്കി, തൊടുപുഴ, കോതമംഗലം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മല്‍സരരംഗത്തുണ്ടാവുക.
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 10 സീറ്റ് നല്‍കി യുഡിഎഫിലെ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് പി ജെ ജോസഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ മാധ്യമങ്ങളെ അറിയിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്കൊടുവില്‍ തൃക്കരിപ്പൂര്‍ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
തൃക്കരിപ്പൂറിന് പുറമേ ഇടുക്കി, തൊടുപുഴ, കോതമംഗലം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മല്‍സരരംഗത്തുണ്ടാവുക. ഇതില്‍ മൂന്ന് സീറ്റുകള്‍ കോട്ടയം ജില്ലയിലും രണ്ട് സീറ്റുകള്‍ ഇടുക്കിയിലുമാണ്. അതേസമയം, ഏറ്റുമാനൂര്‍ സീറ്റിനായി മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും രംഗത്തുണ്ട്. അതുകൊണ്ട് ഏറ്റുമാനൂര്‍ സീറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടാവാനുളള സാധ്യതയും തള്ളിക്കളയാനാവില്ല. ഏറ്റുമാനൂര്‍ സീറ്റില്‍ ആര് മല്‍സരിക്കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിലും രൂക്ഷമായ തര്‍ക്കം തുടരുകയാണ്.
പ്രിന്‍സ് ലൂക്കോസിനാണ് പ്രഥമപരിഗണനയെങ്കിലും സ്ഥാനാര്‍ഥിത്വം ലഭിച്ചേ തീരൂ എന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സീറ്റിനായി ജോസഫ് വിഭാഗം സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് നല്‍കി പൂഞ്ഞാര്‍ വാങ്ങാന്‍ ജോസഫ് വിഭാഗം സന്നദ്ധത അറിയിച്ചെങ്കിലും കോണ്‍ഗ്രസ് തയ്യാറായില്ല. ഇടുക്കി നല്‍കി ഉടുമ്പന്‍ചോല വാങ്ങാനുള്ള ശ്രമവും വിജയിച്ചില്ല. പി ജെ ജോസഫ് തൊടുപുഴയിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും മല്‍സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
യുഡിഎഫിലായിരുന്നപ്പോള്‍ സംയുക്ത കേരളാ കോണ്‍ഗ്രസ് (എം) മല്‍സരിച്ചത് ആകെ 15 സീറ്റുകളിലായിരുന്നു. ഇത്തവണ പരസ്പരം പോരടിച്ച് പിരിഞ്ഞ് എല്‍ഡിഎഫിലെത്തിയ ജോസ് കെ മാണി 13 സീറ്റുകളും ജോസഫ് വിഭാഗം യുഡിഎഫില്‍നിന്ന് പത്ത് സീറ്റുകളുമാണ് നേടിയെടുത്തിരിക്കുന്നത്.