നിയമസഭാ തിരഞ്ഞെടുപ്പ്: അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് അംഗീകാരം വേണം
കോട്ടയം: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ(എംസിഎംസി) അംഗീകാരം നേടണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് തെറ്റിധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ ശാലകള്‍, പൊതുസ്ഥലങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ലേകള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍, ഇപേപ്പറുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്ക് നിലവില്‍ എം.സി.എം.സി അംഗീകാരം നല്‍കുന്നുണ്ട്. അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ എം.സി.എം.സി ചെലവ് നിരീക്ഷണ വിഭാഗത്തിന് റിപോര്‍ട്ട് ചെയ്യുന്നുമുണ്ട്.