ആലപ്പഴ ജില്ലയില്‍ വോട്ടര്‍മാര്‍ 17,68,296; സ്ഥാനാര്‍ഥികള്‍ 60

അരൂര്‍-9, ചേര്‍ത്തല-8, ആലപ്പുഴ-6, അമ്പലപ്പുഴ-6, കുട്ടനാട്-5, ഹരിപ്പാട്-5, കായംകുളം-8, മാവേലിക്കര-6, ചെങ്ങന്നൂര്‍-7 വീതം സ്ഥാനാര്‍ഥികളുണ്ട്. മാര്‍ച്ച് ആറിലെ കണക്ക് പ്രകാരം 17,68, 296 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളതെന്നും ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ വ്യക്തമാക്കി

Update: 2021-04-03 08:38 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 60 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളതെന്ന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അരൂര്‍-9, ചേര്‍ത്തല-8, ആലപ്പുഴ-6, അമ്പലപ്പുഴ-6, കുട്ടനാട്-5, ഹരിപ്പാട്-5, കായംകുളം-8, മാവേലിക്കര-6, ചെങ്ങന്നൂര്‍-7 വീതം സ്ഥാനാര്‍ഥികളുണ്ട്.

മാര്‍ച്ച് ആറിലെ കണക്ക് പ്രകാരം 17,68, 296 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളതെന്നും ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ വ്യക്തമാക്കി.ഇതില്‍ പുരുഷവോട്ടര്‍മാര്‍ 843748 ഉം സ്ത്രീവോട്ടര്‍മാര്‍ 924544 ഉം ആണ്. നാല് ട്രാന്‍സ് ജെന്‍ഡേഴ്സും ഉണ്ട്. ഡിസംബര്‍ 20 ലെ കണക്ക് പ്രകാരം സര്‍വീസ് വോട്ടര്‍മാര്‍ 7641 പേരും എന്‍ആര്‍ഐ വോട്ടര്‍മാര്‍ 1836 ഉം ആണ്. സര്‍വീസ് വോട്ടര്‍മാരില്‍ 7321 പുരുഷന്‍മാരും 320 സ്ത്രീകളുമാണ്. എന്‍.ആര്‍.ഐ വോട്ടര്‍മാരില്‍ 1549 പുരുഷന്‍മാരും 287 സ്ത്രീകളുമാണ്.കന്നി വോട്ടര്‍മാരുടെ എണ്ണം 23,709 ആണ്. ശാരീരിക വെല്ലുുവിളി നേരിടുന്ന വോട്ടര്‍മാരുടെ എണ്ണം21,000 ഉം 80 വയസ്സിന് മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം 50,807 ഉം ആണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച 80+, പിഡബ്ല്യൂഡി, അവശ്യ സര്‍വീസ് ആബ്സന്റീ വോട്ടേഴ്സ് വിഭാഗത്തില്‍ വീടുകളില്‍ എത്തിയത് വഴി വോട്ട് ചെയ്തത് 29268 പേരാണ്. 31126 പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തിരുന്നു. സര്‍വീസ് വോട്ടര്‍മാര്‍ 74 പേരും പോളിങ് സ്റ്റാഫ് 1150 പേരും ഇതുവരെ പോസ്റ്റല്‍വോട്ട് ചെയ്തിട്ടുണ്ട്.

ഒരു പോളിങ് ബൂത്തില്‍ 1000 വോട്ടര്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഒരു പോളിങ് ബൂത്തില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1000 ആക്കിയിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1705 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2643 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 938 അഡീഷണല്‍ ഓക്സിലറി ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ഥല പരിമിതിയുള്ള 30 ഇടത്ത് താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മിച്ചാണ് ഓക്സിലറി പോളിങ് ബൂത്തുളാക്കിയത്. ജില്ലയില്‍ 9 വീതം സ്ത്രീ സൗഹൃദ, മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ 151 സെന്‍സിറ്റീവ് പോളിങ് ബൂത്തുകളും 50 ക്രിറ്റിക്കല്‍ പോളിങ് ബൂത്തുകളും ഉണ്ട്. ക്രിറ്റിക്കല്‍ പോളിങ് ബൂത്തുകളില്‍ 103 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി. ക്യാമറയും കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. പോളിങ് സുഗമമാക്കുന്നതിനായി 261 സെക്ടറല്‍ ഓഫീസര്‍മാരെ മജിസ്റ്റീരിയല്‍ അധികാരത്തോടെ നിയോഗിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം 1206 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത് നിയന്ത്രിക്കുന്നതിനുള്ള കണ്‍ട്രോള്‍റൂം കളക്ട്രേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 12,157 ഉദ്യോസ്ഥര്‍

12,157 പോളിങ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. 1827 വാഹനങ്ങളും 33 ബോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അങ്കനവാടി വര്‍ക്കര്‍മാര്‍, അങ്കനവാടി ഹെല്‍പ്പര്‍, ആശ വര്‍ക്കര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ച് ഓരോ പോളിങ് ബൂത്തിലും മൂന്നുവീതം വോളണ്ടിയര്‍മാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിങ്ങിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് ഇവരെ ഉപയോഗിക്കുന്നത്.

പോളിങ് ബൂത്തിലെ സൗകര്യങ്ങള്‍

ഭിന്നശേഷിക്കാര്‍ക്ക് പോളിങ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യുന്നതിനായി വാഹനം, വീല്‍ ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പരസ്യ പ്രചാരണം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിക്കും. കലാശക്കൊട്ട് അനുവദിക്കുന്നതല്ല.

ഡ്രൈ ഡേ

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യ നിരോധനം.

സ്വീകരണ വിതരണ കേന്ദ്രങ്ങള്‍, സ്ട്രോങ് റൂം

അരൂര്‍-എന്‍.എസ്.എസ് കോളജ് പള്ളിപ്പുറം

ചേര്‍ത്തല- സെന്റ് മൈക്കിള്‍സ് കോളജ് ചേര്‍ത്തല

ആലപ്പുഴ-എസ്.ഡി.വി.സ്‌കൂള്‍ ആലപ്പുഴ

അമ്പലപ്പുഴ-സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്.എസ്. ആലപ്പുഴ

കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്. ചമ്പക്കുളം

ഹരിപ്പാട്-ഗവ.ബോയ്സ് എച്ച്.എസ്.എസ്.ഹരിപ്പാട്

കായംകുളം-ടി.കെ.എം.കോളജ് നങ്ങ്യാര്‍കുളങ്ങര

മാവേലിക്കര-ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്.മാവേലിക്കര

ചെങ്ങന്നൂര്‍- ക്രിസ്ത്യന്‍ കോളജ് ചെങ്ങന്നൂര്‍

തിരിച്ചറിയല്‍ രേഖയായി ഇവ ഉപയോഗിക്കാം

വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാരുടെ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍, പോസ്റ്റോഫീസില്‍ നിന്നോ ബാങ്കില്‍നിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകള്‍, പാന്‍കാര്‍ഡ്, എന്‍.പി.ആറിന് കീഴില്‍ ആര്‍.ജി.ഐ നല്‍കുന്ന സ്മാര്‍ട് കാര്‍ഡുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്,ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ തിരിച്ചറിയല്‍ രേഖ, എം.പി, എം.എല്‍.എ, എം.എല്‍.സി എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ് എന്നിവയാണ് കമ്മീഷനംഗീകരിച്ച രേഖകള്‍.

സുതാര്യവും നീതി പൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ഏപ്രില്‍ 6 ന് രാവിലെ ഏഴ് മണിമുതല്‍ രാത്രി ഏഴ് മണിവരെയാണ്. ഇതില്‍ വൈകിട്ട് ആറ് മുതല്‍ ഏഴ് മണിവരെ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. കോവിഡ് മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ല പൊലിസ് മേധാവി ജെ ജയ്‌ദേവ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ അരുണ്‍ കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജെ മോബി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News