കൊട്ടിക്കലാശം ഒഴിവാക്കും; അതിന് ചെലവാകുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കും: മാണി സി കാപ്പന്‍

Update: 2021-04-01 17:33 GMT
കൊട്ടിക്കലാശം ഒഴിവാക്കും; അതിന് ചെലവാകുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കും: മാണി സി കാപ്പന്‍

കോട്ടയം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കുകയാണെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം നടത്തുന്ന കൊട്ടിക്കലാശം താന്‍ ഒഴിവാക്കുകയാണെന്നും അതിന്റെ പണം ജനോപകാരപ്രദമായ കാര്യത്തിനായി വിനയോഗിക്കുമെന്നും കാപ്പന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരസ്യപ്രചാരണങ്ങളില്‍നിന്ന് മാറിനില്‍ക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിന് ചെലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തില്‍ ആര്‍ഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയ പാലാക്കാരെ

ഏതൊരു തിരഞ്ഞെടുപ്പിന്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയിലാണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യപ്രചാരണങ്ങള്‍ക്ക് അന്ത്യംകുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാര്‍ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടുമെന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടിയാണ് കൊട്ടിക്കലാശം.

പതിവിനു വിപരീതമായി ഇത്തവണ എന്റെ പ്രചരണത്തിന്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിക്കുകയാണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരസ്യപ്രചാരണങ്ങളില്‍നിന്ന് മാറിനില്‍ക്കാനും ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിന് ചെലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടിക്കലാശത്തിന് പകരം, മണ്ഡലം തലത്തില്‍ ആര്‍ഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം. ഈ തീരുമാനം നമ്മുടെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു.

Tags:    

Similar News