സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സിപിഎമ്മില്‍ അമര്‍ഷം; കളമശ്ശേരിയില്‍ പി രാജീവിനും മഞ്ചേശ്വരത്ത് ജയാനന്ദയ്ക്കുമെതിരേ പോസ്റ്ററുകള്‍

അഴിമതി വീരന്‍ സക്കീറിന്റെ ഗോഡ്ഫാദര്‍ രാജീവിനെ കളമശ്ശേരിക്ക് വേണ്ടെന്നാണ് കളമശ്ശേരി നഗരസഭാ ഓഫിസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കെ ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച രാത്രി ഇവിടെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു.

Update: 2021-03-09 07:22 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകവെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പോസ്റ്റര്‍ പ്രതിഷേധത്തില്‍നിന്ന് വ്യക്തമാവുന്നത്. കളമശ്ശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദയ്‌ക്കെതിരെയുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അഴിമതി വീരന്‍ സക്കീറിന്റെ ഗോഡ്ഫാദര്‍ രാജീവിനെ കളമശ്ശേരിക്ക് വേണ്ടെന്നാണ് കളമശ്ശേരി നഗരസഭാ ഓഫിസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കെ ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച രാത്രി ഇവിടെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയ്‌ക്കെതിരേ സിപിഎം അനുഭാവികളുടെ പേരിലാണ് ഉപ്പള ടൗണിലും പരിസരത്തും പോസ്റ്റര്‍ ഒട്ടിച്ചത്. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പോസ്റ്റിനെക്കുറിച്ച് പരിശോധിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്ത കുറ്റിയാടിയിലും പൊന്നാനിയിലും റാന്നിയിലും അനുനയനീക്കവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധ പ്രകടനം അച്ചടക്കലംഘനമെന്ന് കുറ്റിയാടി സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി പ്രതികരിച്ചു. തന്റെ പേരില്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തരുതെന്നും മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ ആണ് അംഗീകരിക്കേണ്ടതെന്നും സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാതെ കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞദിവസം സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്.

കുറ്റിയാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് വിട്ടുനല്‍കിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനെതിരേ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും അത്തരം പ്രചരണങ്ങളില്‍നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിട്ടുനില്‍ക്കണമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി ആവശ്യപ്പെട്ടു.

Tags:    

Similar News