മാണി സി കാപ്പന്‍ വഞ്ചിച്ചെന്ന് മുഖ്യമന്ത്രി; ആര് ആരെ വഞ്ചിച്ചെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കാപ്പന്റെ മറുപടി
പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ വാക് പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും പാലാ എംഎല്‍എയും സ്ഥാനാര്‍ഥിയുമായ മാണി സി കാപ്പനും. പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കവെയാണ് ഇരുവരും ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയത്. മാണി സി കാപ്പന്‍ എല്‍ഡിഎഫിനെയും എന്‍സിപിയെയും വഞ്ചിച്ചെന്നാരോപിച്ചാണ് മുഖ്യമന്ത്രിയാണ് ആദ്യം വിമര്‍ശനം തൊടുത്തുവിട്ടത്. പാലായിലെ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടിയിലാണ് കാപ്പനെതിരേ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും വഞ്ചിച്ചാണ് മാണി സി കാപ്പന്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്. അവസരവാദികള്‍ക്ക് എല്ലാക്കാലവും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. കാപ്പന്റെ മികവല്ല പാലായിലെ ജയത്തിന് കാരണം. എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹത്തിന് ജയിക്കാനായത്. അഖിലേന്ത്യാ നേതാവായ പി സി ചാക്കോ കോണ്‍ഗ്രസിനോട് സലാം പറഞ്ഞ് പിരിഞ്ഞു.
എല്‍ഡിഎഫിനെ, സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചുകൊണ്ട് എങ്ങോട്ടാണ് പോയത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരെല്ലാം വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ ഉപേക്ഷിക്കുമ്പോഴാണ് ഇവിടെ ഒരു അവസരവാദി കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് തന്റെ മികവ് കാണിച്ചുകളയുമെന്ന് പറഞ്ഞ് പുറപ്പെടുന്നത്- മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, താന്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ രംഗത്തുവന്നു.
ആര് ആരെ ചതിച്ചുവെന്ന് പാലായിലെ ജനങ്ങള്‍ക്കറിയാമെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. മെയ് രണ്ടിന് ഫലം വരുമ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലാവും. മുഖ്യമന്ത്രിക്ക് തനിക്കെതിരേ എന്തും പറയാമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.