സീറ്റുവിഭജനത്തില്‍ തൃപ്തരാണ്; പട്ടിക പൂര്‍ണമാവുമ്പോള്‍ വനിതാ പ്രാതിനിധ്യമില്ലെന്ന പരാതിക്ക് പരിഹാരമാവും: കാനം രാജേന്ദ്രന്‍
മുന്നണിക്കുള്ളില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കും. അത് സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. ഞങ്ങള്‍ തൃപ്തരല്ലെങ്കില്‍ സീറ്റുധാരണയില്‍ സമ്മതിക്കില്ലായിരുന്നു.
തിരുവനന്തപുരം: സീറ്റുവിഭജനത്തില്‍ പരാതിയില്ലെന്നും തൃപ്തരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടിവന്നു. ഏതെങ്കിലും ഒരു കക്ഷി എല്‍ഡിഎഫില്‍ വന്നതിന്റെ പേരില്‍ സിപിഐയുടെ സിറ്റിങ് സീറ്റുകള്‍ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടാവുമ്പോഴേ തങ്ങള്‍ പറയേണ്ട കാര്യമുള്ളൂ.
കഴിഞ്ഞ തവണ 27 സീറ്റില്‍ മല്‍സരിച്ച സിപിഐ ഇക്കുറി 25 മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുമാണ് സിപിഐ വിട്ടുനല്‍കിയത്. 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ബാക്കി നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ പ്രാതിനിധ്യം സ്ഥാനാര്‍ഥി പട്ടികയില്‍ കുറവാണെന്ന പരാതി പട്ടിക പൂര്‍ണമാവുമ്പോള്‍ ഇല്ലാതാവും.
നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ഒരു വനിതാ പ്രാതിനിധ്യം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനത്തിന്റെ പ്രതികരണം. മുന്നണിക്കുള്ളില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കും. അത് സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. ഞങ്ങള്‍ തൃപ്തരല്ലെങ്കില്‍ സീറ്റുധാരണയില്‍ സമ്മതിക്കില്ലായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വന്നതുകൊണ്ട് നേട്ടമുണ്ടാവുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാം. സീറ്റുകള്‍ കൂടുതല്‍ ലഭിച്ചതുകൊണ്ട് ശക്തിയുണ്ടാവണമെന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.