എലത്തൂരിലെ സീറ്റ് തര്‍ക്കം കൈയാങ്കളിയിലെത്തി; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് എം കെ രാഘവന്‍ എംപി ഇറങ്ങിപ്പോയി

എലത്തൂര്‍ സീറ്റ് നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) യ്ക്ക് നല്‍കിയതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയാങ്കളിയിലെത്തി. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചയ്ക്കിടെയാണ് തര്‍ക്കം അതിരുകടന്നത്.

Update: 2021-03-20 07:23 GMT

കോഴിക്കോട്: എലത്തൂരിലെ സീറ്റിനെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫിന് തലവേദനയാവുന്നു. എലത്തൂര്‍ സീറ്റ് നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) യ്ക്ക് നല്‍കിയതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയാങ്കളിയിലെത്തി. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചയ്ക്കിടെയാണ് തര്‍ക്കം അതിരുകടന്നത്. ഇതെത്തുടര്‍ന്ന് എം കെ രാഘവന്‍ എംപി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് എം കെ രാഘവന്‍ വ്യക്തമാക്കി.

എലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിസിസി ഓഫിസില്‍ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാഗ്ദാദമുണ്ടാവുകയും ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് നല്‍കിയതില്‍ യുഡിഎഫില്‍ തര്‍ക്കം നിലനിന്നിരുന്നു. നിലവില്‍ യുഡിഎഫില്‍നിന്ന് മൂന്ന് സ്ഥാനാര്‍ഥികളാണ് എലത്തൂരില്‍നിന്ന് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. ഘടകകക്ഷികളായ നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള, ഭാരതീയ നാഷനല്‍ ജനതാദള്‍, കെപിസിസി നിര്‍വാഹക സമിതി അംഗം ദിനേശ് മണി എന്നിവരാണ് പത്രിക നല്‍കിയിരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ വി തോമസ് ചര്‍ച്ച നടത്തുന്നതിനിടെ സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചപ്പോഴാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്. യോഗത്തിനിടെ ഇറങ്ങിപ്പോയ മുതിര്‍ന്ന നേതാവ് എം കെ രാഘവന്‍ എംപി സുല്‍ഫിക്കര്‍ മയൂരിയെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.

ദിനേശ് മണിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ എം കെ രാഘവനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഉച്ചയ്ക്കുശേഷം മൂന്ന് സ്ഥാനാര്‍ഥികളെയും ഡിസിസി ഓഫിസിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. വിജയസാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് പോവുന്ന സാഹചര്യമുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിലെ ജനതാദള്‍ വിഭാഗം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Tags:    

Similar News