എറണാകുളത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി പി എം ശ്രമിക്കുന്നു: ഹൈബി ഈഡന്‍ എംപി

12 ബി ഫോം പ്രകാരം അപേക്ഷ സമര്‍പ്പിച്ച ഭിന്നശേഷിക്കാരായവരുടെയും, 80 വയസ്സുകഴിഞ്ഞവരുടെയും, കൊവിഡ് രോഗികളുടെയും വോട്ടുകള്‍ അവരുടെ വീടുകളില്‍ പോയി ബാലറ്റ് സ്വീകരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റ്മാരെ അറിയിക്കാതെ സി പി എം പ്രതിനിധികളെ മാത്രം വിളിച്ചു കൊണ്ട് വോട്ടറുടെ വീടുകളില്‍ ചെല്ലുന്ന നയമാണ് വ്യാപകമായി തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്

Update: 2021-03-28 11:41 GMT

കൊച്ചി: സി പി എമ്മിന്റെ നേതൃത്വത്തില്‍ വളരെ ആസൂത്രിതമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് എറണാകുളത്ത് അരങ്ങേറുന്നതെന്ന് ഹൈബി ഈഡന്‍ എംപി.12 ബി ഫോം പ്രകാരം അപേക്ഷ സമര്‍പ്പിച്ച ഭിന്നശേഷിക്കാരായവരുടെയും, 80 വയസ്സുകഴിഞ്ഞവരുടെയും, കൊവിഡ് രോഗികളുടെയും വോട്ടുകള്‍ അവരുടെ വീടുകളില്‍ പോയി ബാലറ്റ് സ്വീകരിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫിസര്‍, ബിഎല്‍ഒമാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫേഴ്‌സ് എന്നിവരോടൊപ്പം അതാതു സ്ഥലത്തെ സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റ്മാരെ കൂടി അറിയിക്കണം എന്ന നിര്‍ദ്ദേശം പാലിക്കാതെ സി പി എം പ്രതിനിധികളെ മാത്രം വിളിച്ചു കൊണ്ട് വോട്ടറുടെ വീടുകളില്‍ ചെല്ലുന്ന നയമാണ് വ്യാപകമായി തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംപി ആരോപിച്ചു.

വോട്ടു രേഖപ്പെടുത്തുന്ന സമയത്ത് പോളിംഗ് ഓഫിസറും വീഡിയോ ഗ്രാഫറും മാത്രം വീടിനുള്ളില്‍ പ്രവേശിക്കാവൂ എന്ന നിബന്ധന അട്ടിമറിച്ചു കൊണ്ട് വോട്ടറെ സ്വാധീനിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികള്‍ വ്യാപകമായി ചെയ്തു വരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടു എളമക്കരയിലെ ഒരു ബിഎല്‍ഒ യെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ നല്‍കിയ മറുപടി മുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ അറിയിക്കാതിരുന്നത് എന്നാണെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.സിപി എം പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി ഇത്തരത്തില്‍ ബാലറ്റ് ശേഖരിക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഗൂഡശ്രമമാണ്, അതിവേഗം ഇതിനെതിരായി നടപടി സ്വീകരിച്ചു സുതാര്യമായ തിരഞ്ഞെടുപ്പിന് അവസരം ഒരുക്കണമെന്നും െൈഹബി ഈഡന്‍ എം പി ആവശ്യപ്പെട്ടു.

Tags:    

Similar News